Sunday, June 10, 2012

മഞ്ഞിതൾപൂവുകൾ



അനുവാചകരോട്

ഈ കഥ സൃഷ്ടിക്കപ്പെട്ട കാലത്തേക്കാൾ എന്റെ പ്രായം വളരെ മുന്നോട്ട് പോയിരിക്കുന്നു. ആ കാലഘട്ടത്തിലെ ചിന്തകളും വികാരങ്ങളും സമന്വയിപ്പിക്കപ്പെട്ടതാണ് ഇതെന്നുള്ളതുകൊണ്ടു തന്നെ, ഒരു പക്ഷേ കാലഹരണപ്പെട്ടിട്ടുണ്ടാകാം. ഒട്ടേറേ കുറവുകളും തെറ്റുകളും നിറഞ്ഞതുമാകാം. ആത്മവിശ്വാസക്കുറവുകൊണ്ടു തന്നെയാണ് പോസ്റ്റിങ്ങ് ഇത്രയധികം നീണ്ടു പോയതെന്ന ഏറ്റുപറച്ചിലോടെ, ഒരു തിരിഞ്ഞു നോട്ടം ഇല്ലാതെ, ഇതാ എന്റെ ‘മഞ്ഞിതൾപൂവുകൾ ‘

ആകാശത്തേക്കുയർന്ന വെളുത്ത പുകച്ചുരുളുകളെ പിന്തുടർന്ന് ഏറെ നേരം ജനലഴികളിലൂടെ പുറത്തേക്കു നോക്കി നിൽക്കുമ്പോൾ അവസാന പുകയും വലിച്ചെടുത്തെങ്കിലും കയ്യിലിരുന്ന സിഗരറ്റ് കളയാൻ മനസ്സു മടിച്ചു. ഉറക്കം നഷ്ടപ്പെട്ട ഒരു പ്രഭാതം കൂടി കടന്നു പോയിരിക്കുന്നു. തിരിഞ്ഞു കണ്ണാടിയിലേക്കു നോക്കുമ്പോൾ ഡൈ അടിച്ചു കറുപ്പിച്ച രോമകൂപങ്ങൾക്കിടയിലൂടെ വെള്ളി വെളിച്ചം തെളിയുന്നതായി തോന്നി. റിട്ടയർമെന്റിന് ഇനി ഒരു വർഷം കൂടി മാത്രം. മനസ്സിലെവിടെയോ ഒരു വീർപ്പുമുട്ടൽ. കത്തിതീർന്ന സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ് മറ്റൊന്ന് ചുണ്ടിൽ തിരുകി, കണ്ണടയുമെടുത്ത് മുറിക്കു പുറത്തിറങ്ങി. പതിവു പോലെ പത്രവും മുന്നിൽ വച്ച് മകൻ ഇരിക്കുന്നുണ്ട്.

            “അച്ഛാ.. അറിഞ്ഞോ..? ഈ വർഷത്തെ ഡെൽഹി മലയാളീ സമൂഹം വാർഷികം ഉദ്ഘാ‍ടനം ചെയ്യാനെത്തുന്നത് എഴുത്തുകാരി അനസൂയ ആണ്! അച്ഛന്റെ നാട്ടുകാരി അല്ലേ..!?” കഴുകാനുള്ള വസ്ത്രങ്ങളുമായി പുറത്തേക്കുവന്ന അരുന്ധതി ഒരു നിമിഷം നിന്നു, അർത്ഥ ഗർഭമായി ഒന്നു നോക്കി, വീണ്ടും നടന്നു. ഞാൻ ശ്വസിക്കാൻ മറന്ന ഒരു നിമിഷം. മറുപടിയില്ലാത്തതു കൊണ്ടാകണം പത്രം അവിടെ വച്ച് അവൻ അകത്തേക്ക് പോയി.

മാഷിനെയാണ് എനിക്കോർമ്മ വന്നത്. തൊഴിലന്വേഷകനായി പത്രത്താളുകൾ മറിക്കുമ്പോൾ എന്റെ അടുത്തിരുന്നു എനിക്കു വഴികാണിച്ചു തന്നിരുന്ന മാഷ്.  ഇപ്പോൾ ഇന്നത്തെ ഈ സ്ഥാനത്ത് എത്താൻ കഴിഞ്ഞത് മാഷിന്റെ പ്രേരണയും പിന്തുണയും കൊണ്ടു മാത്രമാണ്. വീട്ടിലെ ഇല്ലായ്മകളിൽ നിന്നും മാഷിന്റെ വീട്ടിലെ സമ്പൂർണ്ണതയിലേക്കു എത്തുമ്പോൾ ഒരിക്കലും അന്യനാണെന്ന് ആരും തോന്നിച്ചിട്ടില്ല.  മതങ്ങളെ വെറുക്കാൻ ഞാൻ പടിച്ചതു മാഷിൽ നിന്നാണ്. ദൈവം ഒരു സത്യമാണെന്നും, ദൈവത്തിൽ വിശ്വസിക്കാൻ മതങ്ങളുടെ ആവശ്യം ഇല്ലെന്നും എനിക്കു മനസ്സിലാക്കി തന്നതു മാഷായിരുന്നു. ഓരോ പുതിയ കോഴ്സിനു ശ്രമിക്കുമ്പോഴും ഓരോ ജോലിക്ക് അപേഷിക്കുമ്പോഴും താ‍ങ്ങായി വഴികാട്ടിയായി ധൈര്യം തന്നിരുന്നതു മാഷായിരുന്നു. ആത്മബന്ധങ്ങളുടെ ആഴം അറിഞ്ഞതും അവിടെ നിന്നായിരുന്നു. പക്ഷേ എങ്ങനെയോ എവിടെയൊക്കെയോ അതിന്റെ താളം തെറ്റി. കുറ്റബോധത്തിന്റെ കാഠിന്യം എന്നെ അവരിൽ നിന്നും അകറ്റി. ജോലിയിൽ പ്രവേശിക്കാൻ ഡെൽഹിയിലേക്ക് തിരിക്കുമ്പോൾ നിറമിഴികളോടെയാണ് മാഷും ടീച്ചറും എന്നെ യാത്ര അയച്ചത്. സ്വന്തം മകനോടെന്നപോലെ ഉപദേശങ്ങൾ, സ്വന്തം മകനെ പിരിയുന്ന വേദന. മുഖം തിരിച്ച് കണ്ണുകളൊപ്പുന്ന അവരുടെ രൂപം മനസ്സിൽ മായാതെ നിൽക്കുന്നു.., ഇന്നും.

            ഡെൽഹിയിൽ നിന്നും നാട്ടിലെത്തിയ ആദ്യത്തെ ലീവ്, അതായിരുന്നു എല്ലാ ബന്ധങ്ങളും കടപുഴക്കി എറിഞ്ഞത്. ഡെൽഹിയിൽ വച്ചു പരിചയപ്പെട്ട അരുന്ധതിയുമായുള്ള വിവാഹം അവിടെ വച്ചു തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്റെ വിവാഹക്കാര്യം പറയുമ്പോൾ ടീച്ചറിന്റെയും മാഷിന്റെയും സന്തോഷപ്രകടനങ്ങൾക്കിടയിൽ ആനിയുടെ ഭാവമാറ്റം എന്റെ ശ്രദ്ധയിൽ പെട്ടില്ല. നിഴൽ പറ്റി നടക്കുന്നൊരു പെൺകുട്ടിയായിരുന്നു അവൾളെന്നും എനിക്ക്.

            “ഹണിമൂൺ മൂന്നാറിലാക്കൂ.. അറിയില്ലേ, ഈ വർഷമാണ് നീലക്കുറിഞ്ഞികൾ പൂക്കുന്നത്..” മാഷാണ് എന്നെ ഓർമ്മപ്പെടുത്തിയത്. ഇത്തവണയും നീലക്കുറിഞ്ഞികൾ എനിക്കു നഷ്ടപ്പെടും, ഞാൻ മനസ്സിൽ പറഞ്ഞു.

            രണ്ടു വർഷത്തെ ഇടവേളക്കു ശേഷം നാട്ടിലെത്തിയതിനാലാകണം ഞാൻ എന്റെ പഴയ ദിനചര്യകൾ ആവർത്തിക്കാൻ വെറുതെ ശ്രമിച്ചു. വായനശാലയിലെ പതിവു സന്ദർശനത്തിനു ശേഷം ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോഴാഴാണ് ഓട്ടത്തിലെന്നവണ്ണം ആനി അവിടെ എത്തിയത്.

            “ഏട്ടാ, നിൽക്കണേ.. ഞാൻ കൂടി വരുന്നു.” നേരം ഇരുണ്ടു തുടങ്ങിയതിനാലാകണം അവൾ അഭ്യർത്തിച്ചു. അധികം ഒന്നും സംസാരിച്ചു ശ്രദ്ധയിൽ പെട്ടിട്ടില്ലാത്ത അവൾ അന്നെന്നോട് വളരെയധികം സംസരിച്ചു. എന്റെ ജോലിയെക്കുറിച്ച്, താമസ സ്ഥലത്തെ കുറിച്ച്, അരുന്ധതിയെ കുറിച്ച്. ഞാനും അവളുടെ പഠനത്തെക്കുറിച്ച് ചോദിച്ചു. അത്രയൊന്നും താല്പര്യമില്ലത്തതുപോലെ അവൾ മറുപടി പറഞ്ഞു. വീണ്ടും മൌനം ഞങ്ങളുടെ ഇടയിലെത്തി.

“ഏട്ടന് ഞാൻ ആരാ..?” ഇടവഴിയിൽ ഒരു നിമിഷം നിന്ന്, എന്റെ കണ്ണുകളുടെ ആഴത്തിലേക്കു നോക്കി അവൾ ചോദിച്ചു. ആ ചോദ്യത്തിന്റെ അർത്ഥം എനിക്കു തിടുക്കത്തിൽ മനസ്സിലായില്ല. ഞാൻ തെറ്റിദ്ധരിക്കപ്പെടുകയാണോ എന്നു പോലും ഞാൻ സംശയിച്ചു. ഞാൻ അസ്വസ്ഥതയോടെ അവളുടെ മുഖത്തു നിന്നും കണ്ണുകൾ പിൻവലിച്ചു.

“നീ.., നീയെനിക്ക് പെങ്ങളേപ്പോലെയാ..”. എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

“പെങ്ങളേപ്പോലെ, അല്ലാതെ പെങ്ങളല്ലല്ലോ..?”

“നീ എന്താ ഇങ്ങനെ ഒക്കെ..?”

“പക്ഷെ എനിക്കങ്ങനെ ആയിരുന്നില്ല. ഞാൻ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയ കാലം മുതൽ എന്റെ മനസ്സിൽ നിങ്ങളുണ്ടായിരുന്നു. സ്വപ്നങ്ങൾക്കൊപ്പം എന്റെ മനസ്സിലേക്ക് ഞാൻ എഴുതി ചേർത്ത ഒരു രൂപം, അതു നിങ്ങളുടേതായിരുന്നു.“ ഒരു നിമിഷത്തേക്ക് എന്റെ മനസ്സ് എന്നെ മറന്നു, എന്റെ ചുറ്റുപാടിനെയും.

“ഏട്ടൻ ഞെട്ടിയോ..?”
“ഇല്ല”. ഞെട്ടൽ വിട്ടുമാറിയില്ലെങ്കിലുംഞാൻ പറഞ്ഞു. എന്റെ ശബ്ദത്തിന് വല്ലാത്ത തടസ്സം അനുഭവപ്പെട്ടിരുന്നു.
“ഒരിക്കലും ഇതു തുറന്നു പറയരുതെന്നാണ് ഞാൻ കരുതിയിരുന്നത്. ഏട്ടന്റെ മനസ്സിലെ എന്റെ സ്ഥാനം.., അതറിയാനുള്ള തിടുക്കത്തിൽ.” മുഴുമിപ്പിക്കാതെ അവൾ വേഗത്തിൽ നടന്നകന്നു, ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതെ.

            ആ രാത്രി മുഴുവൻ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഉറക്കം ഒരിക്കൽ പോലും എന്നെ തേടിയെത്തിയില്ല. എത്രയും പെട്ടെന്ന് അവളെ കാണണമെന്ന് എന്റെ മനസ്സ് ആഗ്രഹിച്ചു. അടുത്ത ദിവസങ്ങളിലെല്ലാം മാഷിന്റെ വീട്ടിലെത്തിയെങ്കിലും ആനിയെ കാണാ‍നായില്ല. മനസ്സ് കൂടുതൽ അസ്വസ്ഥമായി. അവളെ കാണാതെ ഒരു നിമിഷം പോലും പിന്നിടാൻ കഴിയാത്ത അവസ്ഥ. മാഷും ടീച്ചറും വീട്ടിലില്ലാത്ത അവസരം നോക്കി ഞാൻ അവരുടെ വീട്ടിലെത്തുകയാ‍യിരുന്നു. ആനിക്ക് എന്റെ മുന്നിൽ വരാതിരിക്കാനായില്ല. മൌനം ഞങ്ങളുടെ ഇടയിൽ നിറഞ്ഞു നിന്നു. ക്ഷമ നശിച്ച നിമിഷം ഞാൻ തന്നെ ചോദിച്ചു,

“നിനക്ക്, നിനക്കെങ്ങനെ ഇങ്ങനെ ഒക്കെ തോന്നാൻ കഴിയുന്നു. ഞാൻ ഒന്നുമില്ലാത്തവനായിരുന്നല്ലോ..?, നല്ലൊരു ജോലി, വസ്ത്രം, വീട്, നല്ലൊരു ചെരിപ്പു പോലും..”

“ഇതൊക്കെ നോക്കിയാണോ ഇഷ്ടപ്പെടുന്നത്..!“ അടക്കി നിർത്തിയ ഒരു ചിരി അവളുടെ സംസാരത്തിൽ ഉണ്ടായിരുന്നു. “അന്ന് യാത്ര പറഞ്ഞു പോകുമ്പോൾ എനിക്ക് നഷ്ടബോധം ഉണ്ടായിരുന്നു. ജീവിതത്തിൽ നല്ലതു വരാൻ വേണ്ടിയാണല്ലോ പോകുന്നത് എന്ന് ഞാൻ ആശ്വസിച്ചു. ഓരോ ദിവസവും ഞാൻ ഓർമ്മയിൽ സൂക്ഷിച്ചു. ഓരോ ദിവസവും ഞാൻ കാത്തിരുന്നു, ഉടൻ തന്നെ കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ. പക്ഷേ..” അവൾ വാക്കുകൾക്കായ് പരതി.

“ എനിക്കറിയില്ല, ഏറെ ദിവസങ്ങളായി എന്റെ ഉറക്കം നഷ്ടപ്പെട്ടിട്ട്. ഓരോ നിമിഷവും നിന്നെ കാണാനുള്ള തിടുക്കമായിരുന്നു. ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.., ഞാൻ കാത്തിരുന്നത് നിനക്കുവേണ്ടി ആയിരുന്നു. എനിക്ക് തെറ്റിപ്പോയി. ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു. ഞാൻ മാഷിനോട് സംസാരിക്കട്ടെ..? ഞാൻ നിന്നെ” വല്ലാത്തൊരു ഭാവമാറ്റമായിരുന്നു അവളുടെ മുഖത്ത്. വെറുക്കപ്പെടുന്ന എന്തിനെയോ കണ്ടുമുട്ടുന്ന ഭാവം. എന്റെ വാക്കുകൾ ഇടയ്ക്കു വച്ച് മുറിഞ്ഞു.

“നിങ്ങൾ.., നിങ്ങളൊരു ക്രൂരനാണ്. മനുഷ്യനെ മനസ്സിലാക്കാൻ കഴിയാത്തവൻ. ഒരു സ്ത്രീയെ.., വാക്കു കൊടുത്ത സ്ത്രീയെ നിങ്ങൾ വഞ്ചിക്കുവാൻ ശ്രമിക്കുകയാണ്. എന്റെ അച്ഛനെയും അമ്മയെയും നിങ്ങൾ ചതിക്കുകയാണ്,  നിങ്ങളുടെ മനസ്സാക്ഷിയെ പോലും.” അവളിൽ നിന്നും ശാപം പോലെ വാക്കുകൾ പൊഴിയുകയായിരുന്നു. അവളുടെ കണ്ണുകൾ നിറയുന്നു എന്ന് എനിക്കു തോന്നിയ നിമിഷത്തിൽ അവൾ വാതിലുകളടച്ചു.

“ഇനി എന്റെ മുന്നിൽ വരരുത്, എന്നെ കാണാൻ ശ്രമിക്കരുത്..” വല്ലാത്തൊരു താക്കീതോടെ അവൾ പറഞ്ഞു. അപമാനിക്കപ്പെട്ടവന്റെ മനസ്സായിരുന്നു എനിക്ക്. എവിടെയോ ആഴത്തിൽ മുറിവേറ്റപോലെ. ഡെൽഹിക്ക് തിരിക്കുന്നതിനു മുൻപ് യാത്ര പറയാൻ പോലും ഞാൻ മാഷിന്റെ വീട്ടിലേക്ക് പോയില്ല. വൈകാരികമായ എന്തോ ഒരു അകൽച്ച എനിക്ക് ആ വീടിനോട് അനുഭവപ്പെട്ടു.

വിവാഹം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞെങ്കിലും ആനി എന്റെ മനസ്സിന്റെ മായാത്ത നൊമ്പരമായിരുന്നു. നാട്ടിലെ പഴയ സുഹൃത്തുക്കളിൽ നിന്നും അറിഞ്ഞ ആനി അവിവാഹിതയായി കഴിയുന്നു എന്ന വാർത്ത എന്നെ വല്ലാതെ തളർത്തിയിരുന്നു. മാഷിന്റെ എല്ലാ പ്രതീക്ഷകളും നശിച്ചിരുന്നു. ആ വീട്ടിൽ എപ്പോഴും മൂകാന്തരീക്ഷം തളം കെട്ടി നിന്നിരുന്നു. ഇടയ്ക്കെപ്പോഴോ ചില ആനുകാലികങ്ങളിൽ ‘ആനി’ എന്ന പേരിൽ ചില സാഹിത്യ സൃഷ്ടികൾ ഞാൻ കണ്ടിരുന്നു. ആ പേരിനോടുള്ള ആകർഷണീയത ആയിരിക്കണം അതിലൂടെ കണ്ണോടിക്കുവാൻ ഞാൻ മറക്കാറില്ല. വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി ലഭിച്ച ഒരു പാർസൽ, അതാ‍യിരുന്നു വീണ്ടും എന്റെ ജീവിതത്തിലേക്കുള്ള ആനിയുടെ തിരിച്ചു വരവ്.

അവളുടെ കയ്യൊപ്പോടു കൂടിയ അവളുടെ കഥാ സമാഹാരം ‘നിറച്ചാർത്ത്’.

“എന്റെ വേദനകൾക്ക് സ്നേഹപൂർവ്വം ഈ നിറച്ചാർത്ത്“
                                                                        ‘അനസൂയ’

അവളുടെ കൈപ്പടയിൽ അവൾ എഴുതി അയച്ച ആ പുസ്തകം ഓഫീസിലെ തിരക്കിനിടയിലും അന്നു തന്നെ ഞാൻ വായിച്ചു തീർക്കുകയായിരുന്നു. ചില പേജുകളിൽ എനിക്കു വേണ്ടിയെന്നവണ്ണം അടിവരയിട്ട ചില വാചകങ്ങൾ.

            “ഏറെ ഇഷ്ടപ്പെട്ട കളിപ്പാട്ടം ശ്രദ്ധയോടെ കളിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയുടെ മനസ്സായിരുന്നു അന്നെനിക്ക്. ഏറെ ഇഷ്ടപ്പെട്ട് കളിച്ചിരുന്ന കളിപ്പാട്ടം ആരെങ്കിലും വന്നു ചോദിക്കുമ്പോൾ, നിവൃത്തിയില്ലാതെ കൊടുക്കേണ്ട അവസ്ഥ വരുമ്പോൾ കുട്ടികൾ സങ്കടത്തോടെ വലിച്ചെറിയുന്നത് കണ്ടിട്ടില്ലേ, ഞാനും അതേപോലെ വലിച്ചെറിയുകയായിരുന്നു, എന്റെ വികാരങ്ങൾക്കൊപ്പം. ആ കളിപ്പാട്ടത്തിനു വേദനിക്കും എന്നുള്ളത് മനപ്പൂർവ്വം ഞാൻ മറന്നു.”

            എനിക്കെല്ലാം വ്യക്തമാകുകയായിരുന്നു. അതുവരെ ഇല്ലാതിരുന്ന ഒരു ആശ്വാസം തോന്നി. ഒരു ദീർഘനിശ്വാസത്തോടെ ഞാൻ അവസാന പേജും മറിക്കുമ്പോൾ ചുറ്റും ഇരുട്ട് വീണിരുന്നത് ഞാൻ അറിഞ്ഞു, ഓഫീസ് ശൂന്യമായിരുന്നു എന്നും.

            ഇടവേളകളിൽ അനസൂയയുടെ കയ്യൊപ്പോടു കൂടിയ ഓരോ പുസ്തകങ്ങൾ എനിക്കു ലഭിച്ചു കൊണ്ടിരുന്നു. അവളുടെ മനസ്സിന്റെ വികാരങ്ങൾ ഞാൻ അറിഞ്ഞു കൊണ്ടിരുന്നു. അസാധാരണമായ പല വരികളും ഞാൻ അതിൽ വായിച്ചറിഞ്ഞു. അനസൂയ അവളുടെ നിരൂപകർക്കും ആസ്വാദകർക്കും മുൻപിൽ എന്നും ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. മാധ്യമങ്ങൾക്കു മുമ്പിൽ പ്രത്യക്ഷപ്പെടാനിഷ്ടപ്പെടാത്ത, എന്തിനോടും തുറന്നു പ്രതികരിക്കുന്ന ഒരു വ്യക്തിത്വമായി അനസൂയ മാറിക്കഴിഞ്ഞിരുന്നു. പതിവു സാഹിത്യകാരികളുടെ ചട്ടക്കൂടുകളിൽ നിന്നും അകന്നു നിൽക്കുന്ന ഒരു നിലപാടായിരുന്നു അവളുടേത്. തികഞ്ഞ ഒരു സ്ത്രീപക്ഷ എഴുത്തുകാരിയായിരുന്നു അനസൂയ എങ്കിലും ഒരിക്കൽ പോലും പുരുഷനെ തരം താഴ്തി ഒരു പുസ്തകവും അവൾ എഴുതിയില്ല. സ്ത്രീകൾ ആർജ്ജിക്കേണ്ട, നേടിയെടുക്കേണ്ട സ്ഥാനങ്ങൾ, സ്ത്രീകളുടെ  മനസ്സിലുണ്ടാകേണ്ട ധൈര്യം, സ്ത്രീകൾക്കു ലഭിക്കേണ്ട അവകാശങ്ങൾ ഇതെല്ലാം ആയിരുന്നു അവൾ മുഖ്യമായും ആശയമാക്കിയത്. പക്ഷേ അവളുടെ പുസ്തകങ്ങളിൽ അധികവും നിറഞ്ഞു നിന്നത് പ്രണയവും മരണവുമായിരുന്നു. പ്രനയത്തേയും മരണത്തേയും ഒരേപോലെ കോർത്തിണക്കാൻ കഴിഞ്ഞതാണ് അവളുടെ രചനകളുടെ വിജയം. ‘മരണത്തെ സ്നേഹിക്കുന്ന പെൺകുട്ടി, മരണത്തെ പ്രണയിക്കുന്ന പെൺകുട്ടി‘ അങ്ങനെ ഒക്കെയാണ് മാധ്യമങ്ങൾ അവളെ വിശേഷിപ്പിച്ചത്.

            സ്വയം സൃഷ്ടിച്ചെടുത്ത ബിസ്സിനസ്സ് ടൂറുകളിൽ ഞാൻ അവളെ തേടി നടന്നു. അവൾ വിരളമായി പങ്കെടുക്കുന്ന ചടങ്ങുകളിൽ എത്തിപ്പെടാൻ ശ്രമിച്ചു. അവളുടെ പുസ്തകങ്ങളിലൂടെ അവളുടെ മാനസിക വിചാരങ്ങൾ ഞാൻ മനസ്സിലാക്കി. അവൾ അപ്പോഴും ജീവിച്ചിരുന്നത് എന്നികൂടെയാണെന്ന് ഞാൻ അറിഞ്ഞു. അവളുടെ പ്രണയത്തേയും, അവൾക്കീലോകത്ത് എന്നെ അല്ലാതെ മറ്റാരേയും പ്രണയിക്കാൻ കഴിയുകയുമില്ലെന്ന് ഞാൻ മനസ്സിലാക്കി. പക്ഷേ എന്റെ സ്നേഹം ഞാൻ പങ്കുവയ്ക്കുകയായിരുന്നു. പ്രണയം ഒരു കടംങ്ക്ഥയായി എന്നിൽ നിലനിൽക്കുകയായിരുന്നു.

            സാഹിത്യ ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് ആനി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ആനി ഡെൽഹിയിലെത്തുന്നു എന്ന വാർത്ത അപ്രതീക്ഷിതമായിരുന്നു. അടുത്ത ദിവസം ഓഫീസിൽ എന്നെ തിരഞ്ഞു വന്ന ഒരു കത്ത് എന്നെ അൽഭുതപ്പെടുത്തി. ആനിയുടെ കൈപ്പടയിലുള്ള കത്ത്. ‘കാണാൻ താല്പര്യം ഉണ്ട്’ എന്ന ഒരു വാചകം മാത്രം. പലവട്ടം ഞാൻ ആ കത്തിലൂടെ കണ്ണോടിച്ചു. എന്റെ ശരീരത്തിന് പ്രായത്തെ വെല്ലുന്ന ഊർജ്ജം ലഭിച്ചപോലെ. തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ കൂടുതൽ ഊർജ്ജസ്വലനായി കാണപ്പെട്ടത് അരുന്ധതിയെ പോലും അൽഭുതപ്പെടുത്തി.

            ആനി ഡെൽഹിലെത്തിയ അന്നു തന്നെ ഞാൻ അവളെ കാണാൻ ശ്രമിച്ചു. പക്ഷെ അടുത്ത ദിവസം മാത്രമാണ് അതിനു കഴിഞ്ഞത്. വളരെ നാളുകൾക്കു ശേഷമുള്ള കൂടിക്കാഴ്ച ആയിരുന്നെങ്കിലും ഞങ്ങൾക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. പ്രായം അവളിലും മാറ്റം വരുത്തിയിരിക്കുന്നു. അവളുടെ കൺകോണുകളിൽ നനവ് പടരുന്നത് ഞാൻ അറിഞ്ഞു.

            ‘സുഖമല്ലേ..?’  പതിവു ഔപചാരിക ചോദ്യത്തിനു തുടക്കമിട്ടത് ഞാനായിരുന്നു. പതിയെ പതിയെ ഞങ്ങളുടെ ഇടയിലെ മറ നീങ്ങിക്കൊണ്ടിരുന്നു. നാട്ടുകാരെയും വീട്ടുകാരെയും മക്കളെയും കുറിച്ചെല്ലാം സംസാരിച്ചു. അവളുടെ വിവാഹത്തെ കുറിച്ചു ചോദിക്കാൻ എന്റെ മനസ്സെന്തോ അനുവദിച്ചില്ല. എന്റെ സ്വാർഥതയായിരിക്കാം, വിവാഹം എന്നത് എന്നെ അവളിൽ നിന്നും അകറ്റുമെന്ന് എന്റെ മനസ്സ് ഭയപ്പെട്ടതുകൊണ്ടായിരിക്കാം.

“നിന്റെ പുസ്തകങ്ങളുടെ ഒരാരാധകനാണ് ഞാനിപ്പോൾ. ഓരോ പുസ്തകവും ഇറങ്ങുന്നതു കാത്തിരിക്കുന്ന ഒരാരാധകൻ. ഓരോ പുസ്തകവും മനപ്പാഠമാണെനിക്ക്” ഞാൻ പറഞ്ഞു.

“എന്റെ വാക്കുകളോട് മാത്രമാണ് ആരാധന, അല്ലേ?” അവളൽ‌പ്പം ചോദ്യം കലർത്തി മറുപടി പറഞ്ഞു. ആ ചോദ്യത്തിനു കൃത്യമായ ഒരു മറുപടി അപ്പോഴും എന്റെ മനസ്സിൽ തയ്യാറായിരുന്നില്ല.
“നീ എന്താണ് എപ്പോഴും മരണത്തെ കുറിച്ച് കൂടുതലായും എഴുതുന്നത്” ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു.

“മരണത്തെ എന്തിനാണ് ഭയപ്പെടുന്നത്..? മരണം പ്രിയപ്പെട്ടതെല്ലാം നഷ്ടമാക്കുന്നു എന്നതുകൊണ്ടു മാത്രം. മരണം പൂർണ്ണതയാണ്. ജനനം ബാധ്യതയും. മരണം എല്ലാ ബാദ്ധ്യതകളുടേയും മോചനമാണ്.“ അവളുടെ മിഴികളുടെ നനവ് കൂടി വരുന്നതു ഞാൻ കണ്ടു. കൂടുതൽ ഒന്നും ഇതിനെ കുറിച്ചു സംസാരിക്കാൻ എനിക്കു തോന്നിയില്ല. വീണ്ടും ഞങ്ങൾക്കിടയിൽ മൌനം നങ്കൂരമിട്ടു.

“ചായ തണുക്കുന്നു.”

അവൾ പറയുമ്പോൾ മാത്രമാണ് ഞാൻ മുമ്പിലിരുന്ന ചായ ശ്രദ്ധിച്ചത്. ഞാൻ ചായ കപ്പ് കയ്യിലെടുത്തു.

“ഏട്ടൻ..”             
                                 പറയാൻ വന്നതെന്തോ ഇടക്കു വച്ച് അവളിൽ മുറിഞ്ഞു. ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി. എന്റെ കണ്ണുകളിലേക്കു നോക്കാൻ ശക്തിയില്ലാതെ അവൾ മുഖം തിരിച്ചു. പതിയെ എഴുന്നേറ്റു ജനലിലൂടെ പുറത്തേക്കു നോക്കി.

“ഏട്ടന്റെ ജീവിതത്തിലെ മൂന്ന് ദിവസം, മൂന്നു ദിവസം എനിക്കു തരുമോ..?”

ഇടയ്ക്കൊന്നു നിർത്തി പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു. എന്റെ കയ്യിലിരുന്ന ചായക്കപ്പ് വിറക്കുന്നതു ഞാനറിഞ്ഞു. ഒരിക്കൽകൂടി ചോദ്യഭാവത്തിൽ ഞാൻ അവളെ നോക്കി.

“അർഹതയില്ലെന്നറിയാം, എങ്കിലും എന്റെ ഈ ഒരേഒരാഗ്രഹം എനിക്കു സാധിച്ചു തരില്ലേ..?” അവളിൽ നിന്നും യാചനയുടെ ശബ്ദം. “എന്റെ ജീവിതത്തിൽ ഒരു മൂന്നു ദിവസമെങ്കിലും ഒരു പുരുഷന്റെ തണലിൽ ജീവിക്കാൻ, ഒരു പുരുഷന്റെ തുണയിൽ നടക്കാൻ., ആ ഒരാഗ്രഹം എനിക്കു സാധിച്ചു തരില്ലേ..? ഞാൻ അത്രമാത്രം നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളെ അല്ലാതെ മറ്റാരെയും എനിക്ക് എന്റെ ജീവിതത്തിൽ സങ്കൽ‌പ്പിക്കാനാവില്ല. എന്റെയീ അർത്ഥമില്ലാത്ത ജീവിതത്തിന്റെ പൂർണ്ണതക്കു വേണ്ടിയെങ്കിലും..“ അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു.
                                 ‘അനൂ..’  ഞാൻ ആർദ്രതയോടെ വിളിച്ചു. അവൾ എന്റെ ചുമലിലേക്ക് ചാഞ്ഞു. എന്റെ ചുമലിലൂടെ അവളുടെ അശ്രുകണങ്ങൾ ഒഴുകുന്നത് ഞാൻ അറിഞ്ഞു.

                                 അവിടെ നിന്നിറങ്ങുമ്പോഴേക്കും ഞങ്ങൾ തീരുമാനമെടുത്തിരുന്നു. അതായിരുന്നു നീലഗിരി എന്ന സൌഭഗ്യത്തിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ തുടക്കം. നീലക്കുറിഞ്ഞികളുടെ സൌന്ദര്യമാസ്വദിക്കാൻ ജീവിതത്തിന്റെ സൌന്ദര്യമറിയാൻ, അസ്തമിക്കാത്ത പ്രണയത്തിന്റെ ചൂടുതേടിയുള്ള യാത്ര. നനുനനുത്ത ഹൃദയങ്ങളുമായ് മൂന്നാറിന്റെ കുളിരിലേക്ക്

ബിസ്സിനെസ്സ് ടൂർ എന്ന കളവ് ഒരിക്കൽകൂടി അരുന്ധതിയുടെ മുന്നിൽ ആവർത്തിക്കുമ്പോൾ ഇത്തവണ എന്തോ കുറ്റബോധം തോന്നിയില്ല. പക്ഷേ മക്കളിൽ നിന്നും ആ ദിവസം തീർത്തും അകന്നു നിന്നു.

                                 പറഞ്ഞ് ഉറപ്പിച്ചിരുന്ന സമയത്തു തന്നെ ആനിയും എയർപോർട്ടിൽ എത്തിയിരുന്നു. ഭംഗിയായി വസ്ത്രം ചെയ്തിരുന്നു. അവളുടെ സംസാരത്തിനൊപ്പം അവളുടെ മുടിയിഴകളും ഇളകിയാടുന്നത് ഞാൻ നോക്കി നിന്നു. അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു. ഒരു കാമുകിയുടെ ഭാവം അവളുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു. എന്റെ മനസ്സിനുള്ളിൽ ഭയം നിറഞ്ഞു നിന്നു. ഞാൻ ആളുകൾക്കിടയിൽ നിന്നും മാറി നിൽക്കാൻ ശ്രമിച്ചു. എങ്ങനെയും ഫ്ലൈറ്റിനകത്ത് കയറിക്കൂടാനുള്ള തിരക്കായിരുന്നു എനിക്ക്. യത്രക്കിടയിൽ ഓരം ചേർന്നിരുന്ന് കുട്ടികളേപോലെ അവൾ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. ഞാൻ ശ്രദ്ധയുള്ള ഒരു കേൾവിക്കാരനായി. ഇടയ്ക്ക് ഞാൻ കുടിച്ചു പകുതിയാക്കിയ സോഫ്റ്റ് ട്രിങ്ക് കയ്യിലെടുത്ത് അവൾ എന്റെ  മുഖത്തു നോക്കി പതിയെ ചിരിച്ചു. പിന്നീട് അതു ചുണ്ടോടു ചേർത്ത് സാവധാനം നുണഞ്ഞിറക്കി. അതിന്റെ കുളിർമ്മ എന്റെ ശരീരത്തിലൂടെ കടന്നു പോകുന്നതായി എനിക്കു തോന്നി. അവളുടെ കണ്ണുകളിൽ എന്തിന്റെയോ സംതൃപ്തി.

                                 കൊച്ചിയിൽ നിന്നും ടാക്സിയിൽ റിസോർട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ അവൾ എന്റെ ചുമലിലേക്ക് ചാഞ്ഞിരുന്നു. യാത്രാ ക്ഷീണമായിരിക്കണം അവൾ നന്നായി ഉറങ്ങി. ഞാൻ അവളുടെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു. മനസ്സിലെവിടെയോ മാഷ് ഒരു വേദനയായി തങ്ങി നിന്നു. എന്റെ പാകപ്പിഴകളുടെ ബാക്കി പത്രമാണ് ഇരുൾമൂടിയ ആ കുടുമ്പമെന്ന് വേദനയോടെ ഞാൻ ഓർത്തു. മാഷിനോടുള്ള എന്റെ ആത്മാർത്ഥതയ്ക്കു കോട്ടം തട്ടിയിരിക്കുന്നു. എന്റെ വിസ്വസ്ഥത നഷ്ടപ്പെട്ടിരിക്കുന്നു.

ഇടയ്ക്ക് ആനി ഒന്നു ഞെരുങ്ങി അനങ്ങി എന്റെ ശരീരത്തിലേക്കു ഒന്നു കൂടി ചേർന്നമർന്നു. ഞാൻ അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.നിഷ്കളങ്കമായ മുഖഭാവം. ഒന്നുമറിയാ‍ത്ത കുഞ്ഞിനേപ്പോലെ ശാന്തമായി അവൾ ഉറങ്ങുന്നു. ഒരു പക്ഷേ വർഷങ്ങൾക്കു ശേഷം ഇന്നായിരിക്കാം അവൾ അല്ലലില്ലാത്ത മനസ്സുമായ് ഉറങ്ങുന്നത്. ആനിയുടെ പ്രണയത്തിനു മുന്നിൽ മാഷിന്റെ ഓർമ്മകൾക്ക് സ്ഥാനമില്ലെന്ന് എനിക്കു തോന്നി. എന്നിൽ നിന്നും ഒരു ദീർഘനിശ്വാസം ഉതിർന്നു.

                                 മൂന്നാറിലെത്തുമ്പോഴേക്കും സന്ധ്യ മയങ്ങി കഴിഞ്ഞിരുന്നു. അസഹനീയമായ തണുപ്പ്. എങ്ങനെയും റൂമിനകത്തു കയറിപ്പറ്റണമെന്ന ചിന്ത മാത്രമായിരുന്നു എനിക്ക്. റൂമിലെത്തിയതും ധരിച്ചിരുന്ന ഷൂ വലിച്ചെറിഞ്ഞ് ഞാൻ പുതപ്പിനടിയിലേക്ക് ഊളിയിട്ടു.

                                 “കുളിക്കുന്നില്ലേ..?”

ഉള്ളിലെ മടി ഒരു ചിരിയിലൊതുക്കി ഞാൻ തലയാട്ടി.

“ഞാൻ കുളിച്ചിട്ടു വരാം” ബാഗിൽ നിന്നും വസ്ത്രങ്ങളെടുത്ത് അവൾ പറഞ്ഞു.

“ഈ തണുപ്പിലോ..!!“  ഞാൻ ചോദിച്ചു.

“ഊം..” ഒന്നു മൂളി ബാത്ത് റൂമിൽ കയറി അവൾ വാതിലടച്ചു.

                                 ഞാൻ വീണ്ടും പുതപ്പിനടിയിലേക്ക് കയറിക്കൂടി. ഏറെ നേരം കഴിഞ്ഞിട്ടും ആനിയെ പുറത്തേക്കു കണ്ടില്ല. ഇടയ്ക്കെപ്പോഴോ ഞാൻ മയക്കത്തിലേക്കു വഴുതി വീണു. വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. എന്റെ കണ്ണുകൾക്ക് ഒളിച്ചോടാനായില്ല. എന്റെ മുന്നിൽ കരഞ്ഞു കലങ്ങിയ ചുവന്ന കണ്ണുകളുമായി പൂർണ്ണ നഗ്നയായി ആനി.അവളുടെ ശരീരത്തിൽ നിന്നും ജലകണങ്ങൾ നിലത്തേക്ക് ഒഴുകി വീണു.

“ഇതാ ഇവിടേക്ക് നോക്കു.., ഞാനും ഒരു സ്ത്രീയല്ലേ, എല്ലാം തികഞ്ഞ ഒരു സ്ത്രീ., ഒരു സാധാരണ സ്ത്രീ..? എന്നിട്ടെന്തേ എന്നെ എന്നെ മാത്രം വേണ്ടാത്തത്, എന്നെ ആർക്കും വേണ്ടാത്തത്.? ഇനിയുള്ള ചുരുങ്ങിയ ദിവസങ്ങളെങ്കിലും എനിക്കൊരു ഭാര്യയാകണം., ഏട്ടന്റെ മാത്രം ഭാര്യ..”
                                 അവൾ തളർച്ചയോടെ എന്റെ ശരീരത്തിലേക്ക് അമർന്നു. നനഞ്ഞ മുടിയിഴകളും അവളുടെ കണ്ണുനീർ ചാലുകളും എന്റെ മാറിലേക്ക് ഒട്ടിച്ചേരുകയായിരുന്നു. എത്രനേരം ആ നിൽ‌പ് തുടർന്നു എന്നറിയില്ല. എന്റെ സിരകളിലൂടെ രക്തം ഇരച്ചു പായുന്നത് ഞാൻ അറിഞ്ഞു. എന്തിനോ തയ്യാറെടുത്തു നിൽക്കുന്നതിന്റെ നിശ്ചയദാഢ്യമായിരുന്നു അവളുടെ മുഖത്ത്. എന്റെ കരങ്ങൾക്കു കരുത്തു വർദ്ധിച്ചു. ശക്തമായ ഞെരുക്കലിൽ അവളിൽ നിന്നും ദീർഘനിശ്വാസം ഉതിർന്നു, ഇമകൾ അമർന്നടഞ്ഞു. അവളുടെ ആവേശം, അതെന്നിലേക്ക് പ്രവഹിക്കുകയായിരുന്നു. അവളെ എന്നിലേക്കു ലയിപ്പിക്കുകയായിരുന്നു. ഞാൻ അവളിലേക്കു പടർന്നു കയറുമ്പോൾ ഒരിക്കൽ പോലും ഒരു ഭാവമാറ്റം അവളുടെ മുഖത്തുണ്ടായില്ല. ആഗ്രഹിച്ചതെന്തോ നേടിയെടുക്കുന്നതിന്റെ ഭാവമായിരുന്നു അവളുടെ മുഖത്ത്. സംതൃപ്തിയുടെ മുഖഭാവം.

                                 തളർച്ചയോടെ ഞാൻ അവളിൽ നിന്നും അടർന്നുമാറുമ്പോൾ വിയർപ്പിനൊപ്പം രക്തവർണ്ണം എന്റെ സ്വകാര്യതയിലേക്കു പടരുന്നത് ഞാൻ അറിഞ്ഞു.
                                 “ആനീ, നീ നീ” എന്റെ വാക്കുകൾ മുറിഞ്ഞു.
                                 “ഊം, കാത്തിരിക്കുകയായിരുന്നു.., കാത്തു വയ്ക്കുകയായിരുന്നു.., എല്ലാം..” ഇടമുറിഞ്ഞ വിറയാർന്ന ശബ്ദം.

                                 എന്റെ കൺകോണുകളിലെവിടെയോ ഒരു നനവ്. എന്റെ മനസ്സ് എന്തിനൊക്കെയോ അസ്വസ്ഥമായി. ഞാൻ നഷ്ടപ്പെടുത്തിയ എന്തിനൊക്കെയോ വേണ്ടി. എനിക്കവളുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല. ഇന്നേവരെക്കണ്ട വിഷാദ ഭാവം ഇപ്പോൾ അവളുടെ മുഖത്തില്ല. മുകളിൽ നിശ്ചലമായി കിടക്കുന്ന ഫാനിലേക്ക് ഇമയനങ്ങാതെ അവൾ നോക്കികൊണ്ടു കിടന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത സംതൃപ്തിയുടെ മുഖഭാവം. നഷ്ടപ്പെട്ടതെന്തോ നേടിയെടുത്തതിന്റെ സംതൃപ്തി. ആദ്യമായ് പുരുഷനെ അറിയുന്ന ഒരു സ്ത്രീയുടെ വികാരമായിരുന്നില്ല അവൾക്ക്. കളഞ്ഞു പോയതെന്തോ തിരികെ കിട്ടിയതിന്റെ ആത്മ നിർവൃതി, അവളുടെ ഓരോ ആലിംഗനത്തിലും ഓരോ ചുമ്പനത്തിലും ഞാൻ അതു തിരിച്ചറിഞ്ഞിരുന്നു.

                                 മാഷൊരു വേദനയായി വീണ്ടും എന്റെ മനസ്സിൽ നിറഞ്ഞു. മനസ്സിലെവിടെയോ കുറ്റബോധത്തിന്റെ കൂർത്ത മുള്ളുകൾ കുത്തികയറുന്നു. എന്റെ സ്വാർത്ഥത.., ഞാൻ ഇതേവരെ മാഷിനെ കുറിച്ച് അന്വേഷിച്ചതേയില്ല. മൃദുല വികാരങ്ങൾക്കു മുമ്പിൽ മാഷെന്ന രൂപം അലിഞ്ഞു പോയിരിക്കുന്നു, അല്ലെങ്കിൽ ഞാൻ ബോധപൂർവ്വം ലയിപ്പിച്ചിരിക്കുന്നു.

“മാഷ് മാഷ് സുഖമായിരിക്കുന്നോ..? മാഷിനെ കുറിച്ച് ഞാൻ ഓർക്കാറുണ്ട്. ”
                                
                                 “ഓർക്കാൻ പറ്റിയ സമയം” അവളുടെ സ്തനങ്ങളിൽ വിശ്രമിക്കുന്ന എന്റെ കൈകളിലേക്കു നോക്കി അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു. ഞാൻ അവളുടെ കുന്ദള ശീതളിമയിലേക്കു മുഖം പൂഴ്ത്തി. ആനിയിൽ നിന്നും ആദ്യമായാണ് നിറഞ്ഞ ചിരിയോടെ ഒരു ഫലിതം ഞാൻ കേൾക്കുന്നത്. എല്ലാ അർത്ഥത്തിലും അവൾ സംതൃപ്തയാണെന്ന് എനിക്കു തോന്നി. ആഗ്രഹിച്ചതെല്ലാം നേടിയെടുത്തതിന്റെ സംതൃപ്തി. മറ്റൊരിടത്തും ലഭിക്കാത്ത ഒരു സുരക്ഷിതത്വം അവൾ എന്റെ കരവലയങ്ങളിൽ കണ്ടെത്തുന്നതു പോലെ എനിക്കു തോന്നി.

                                 നനവുണങ്ങാത്ത മുടി വാരിയൊതുക്കി അവൾ എന്റെ മാറിലേക്കു തല ചായ്ച്ചു. നെഞ്ചിലെ രോമങ്ങളിലൂടെ വിരലോടിച്ചുകൊണ്ട് അവൾ എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
                                 “ഏട്ടാ.” നേർത്ത ശബ്ദം.
                                 “ഊം” ഞാൻ അവളുടെ മുഖത്തേക്കു നോക്കി.

“അന്ന് അങ്ങനെ സംഭവിചിരുന്നെങ്കിൽ” അവളൊന്നു നിർത്തി. “ ആ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്തു ചെയ്യും”. ആ ചോദ്യം പെട്ടെന്നു മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞില്ല.

“എനിക്കു നിന്നെ നഷ്ടപ്പെടുത്താൻ ആഗ്രഹമില്ല”. ഞാൻ പറഞ്ഞു.

“എങ്കിൽ ഞാൻ തീർച്ചയായും പറയുമായിരുന്നു. പക്ഷേ, കിട്ടില്ല“
                                
“എനിക്കു തോന്നുന്നു, സമ്മതിക്കുമായിരുന്നു, എല്ലാവരും. പ്രത്യേകിച്ച് മാഷിനും ടീച്ചറിനും എന്നെ അടുത്തറിയാം എന്നുള്ളതുകൊണ്ട്, അവർ തടസ്സം നിൽക്കില്ലായിരുന്നു.”  ഞാൻ അവളുടെ മൃദുലതയിലൂടെ വിരലുകളോടിച്ചു.

“ഊം മനസ്സു തകർന്നു പോയി അന്ന് വിവാഹക്കാര്യം അറിഞ്ഞപ്പോൾ. എന്നെ ഒന്നു നോക്കിയെങ്കിൽ എന്നൊക്കെ അന്നു വെറുതെ തോന്നിയിട്ടുണ്ട്. പക്ഷേ, ഒരിക്കലും എങ്ങും എത്തില്ല എന്ന തോന്നലിൽ, ഒരു ത്രില്ലിൽ, ഞാൻ ദിവാസ്വപ്നം കാണുന്ന കഥയിലെ നായകനായി, മനസ്സിൽ കൊണ്ടു നടന്നു. അന്നു ഞാൻ ഒരു പാട് കണ്ടുകൂട്ടിയിട്ടുണ്ട്, നമ്മൾ ഒരുമിച്ചുള്ളൊരു ജീവിതം, ഒരു കുടുംമ്പം.

“ഒരിക്കലെങ്കിലും.., ഒരിക്കലെങ്കിലും നിനക്കത് തുറന്നു പറയാമായിരുന്നില്ലേ.? ഇനിയിപ്പൊ അതൊക്കെ എന്തിന് അല്ലേ..? ഞാൻ അർദ്ധവിരാമമിട്ടു. അവളിൽ നിന്നും ഒരു ദീർഘനിശ്വാസം ഉതിർന്നു.

“എന്തായാലും ഏട്ടന് നല്ലൊരു ജീവിതം ലഭിച്ചല്ലോ. എവിടെയോ ഞാൻ നിങ്ങളുടെ ഫോട്ടോ കണ്ടിരുന്നു. അരുന്ധതി സുന്ദരിയാണ്. തുറന്നു പറഞ്ഞാൽ, സത്യം, എനിക്കാ കുട്ടിയോട് അസൂയ തോന്നിയിട്ടില്ല. എല്ലാക്കാലത്തും നിങ്ങൾ നന്നായിരിക്കണം എന്നേ തോന്നിയിട്ടുള്ളൂ. ഭാഗ്യമുള്ളവർക്കേ നല്ല വിവാഹ ജീവിതം ലഭിക്കൂ. ഏട്ടൻ ഭാഗ്യവാനാണ്. അതിനു നന്ദി പറയൂ ദൈവത്തോട്. ചിലപ്പോഴെനിക്കു തോന്നാറുണ്ട് ആ ഇഷ്ടം, അതെന്റെ മനസ്സിൽ അങ്ങനെ ഇരുന്നാൽ മതിയായിരുന്നു, ആരും അറിയാതെ. ഒരിക്കലും തുറന്നു പറയേണ്ടിയിരുന്നില്ല. അന്നത്തെ പൊട്ട ബുദ്ധിക്കു ചെയ്തു പോയതാണ്. എനിക്ക് ആ കാലം ഓർക്കാൻ എന്നും ഇഷ്ടമാണ്.”

“ആ കാലം മാത്രം, അല്ലാതെ എന്നെ അല്ല..” ഞാൻ അല്പം കളിയായി പറഞ്ഞു.

“ ആ കാലത്ത് ഞാൻ എന്നും കാണാൻ ആഗ്രഹിരുന്ന ആ ചെറുപ്പക്കാരനായി തന്നെ ആണ് ഏട്ടൻ ഇന്നും എന്റെ മനസ്സിൽ. ഒന്നു കാണാൻ വേണ്ടി ഞാൻ വീടിനു മുന്നിലൂടെ പലവട്ടം നടന്നിട്ടുണ്ട്. “

“ഞാൻ ഒരു മഢയനാണല്ലേ..? എനിക്കൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല..”

“അത് അറിയിക്കുന്ന ഒന്നും ഞാനും ചെയ്തിട്ടില്ല. ഒരു നോട്ടം പോലും. നോക്കി നിന്നിട്ടുണ്ട്, വെളിയിൽ അച്ഛനുമായി സംസാരിച്ചിരിക്കുമ്പോൾ ആരുമറിയാതെ അകത്തെ മുറിയിൽ നിന്നും ജനൽ വഴി.“

“ഞാൻ നാടുവിട്ടു പോന്നതിനു ശേഷമെങ്കിലും നിനക്കെന്നെ അറിയിക്കാമായിരുന്നില്ലേ..?”

“ചെയ്യാമായിരുന്നു, പക്ഷേ അതിനുള്ള ധൈര്യം ഇല്ലായിരുന്നു. പോകുമ്പോൾ എനിക്കു സങ്കടമായിരുന്നു. പക്ഷേ എന്റെ മനസ്സ് അറിയിക്കണമെന്ന് എനിക്കു തോന്നിയില്ല. എന്നെ ഇഷ്ടമാകില്ല എന്നൊരു ധാരണ, ഒരു അപകർഷതാബോധം എനിക്കുണ്ടായിരുന്നു. ആർക്കും അറിയാൻ കഴിഞ്ഞില്ല അത്.  ആരോടും പറയാതെ ഒരു സുഖമുള്ള രഹസ്യമായി ഞാൻ അത് സൂക്ഷിച്ചു.

ഏട്ടാ, ഞാൻ ഒന്നു ചോദിച്ചോട്ടെ, ഇടക്കെങ്കിലും എന്നെ ഓർക്കാറില്ലേ..?”

“ഊം..  “ ഞാൻ മൂളി.

“എന്തുകൊണ്ടാ ഇടക്കെങ്കിലും എന്നെ ഓർക്കുന്നത്..?”

 “മനസ്സിൽ പച്ചകുത്തപ്പെട്ടുപോയ ഒരു ചിത്രമുണ്ടെനിക്ക്. ഒരു കണ്ണുനീർ ചിത്രം. സ്വന്തം ജീവിതം കൈ നീട്ടി തട്ടിതെറിപ്പിച്ചു കളഞ്ഞ ഒരു പെൺകുട്ടിയുടെ മായാത്ത ഓർമ്മകളുടെ കണ്ണുനീരിന്റെ നനവുള്ള ചുവർചിത്രം.”

“ഊം..  “ അവൾ മൂളി.

“നിനക്കെന്നെ മനസ്സിലാക്കാൻ പറ്റുന്നുണ്ടോ..?”

“എനിക്കെന്നും ഈ മനസ്സ് മനസ്സിലാകുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ നിമിഷം ഇവിടെ ഇങ്ങനെ നമ്മൾ സംസാരിക്കുന്നത്. നഷ്ടപ്പെടാൻ എനിഷ്ടമായിരുന്നില്ല. വേറൊരാൾക്കായി വച്ചു നീട്ടിയ ഒരു ജീവിതം തട്ടിതെറിപ്പിക്കാനും എനിക്കു വയ്യായിരുന്നു. അതു കൊണ്ടാ അതു കൊണ്ടാ ഞാനായി തന്നെ അത് ഉപേക്ഷിച്ചത്. എന്റെ മനസ്സിന്റെ സുഖത്തിന്. അതിൽ എനിക്കു മാത്രമേ ശരി കാണാനാകൂ. അന്നു മുതൽ ഞാൻ എന്റെ മനസ്സിനെ ജയിക്കാൻ പഠിക്കുകയായിരുന്നു.“

“അതെന്നെ വളരെയേറെ വേദനിപ്പിച്ചു”. ഞാൻ എന്റെ മനസ്സ് അവൾക്കു മുന്നിൽ തുറന്നു. “കുറെ നാൾ ദേഷ്യമായിരുന്നു. ഒരു തരം വാശി. പിന്നിടെപ്പൊഴൊക്കെയോ അതെല്ലാം അലിഞ്ഞു. നിന്റെ പുസ്തകങ്ങൾ വായിച്ചപ്പോൾ, നിന്റെ കത്ത് കിട്ടിയപ്പോൾ, ഒടുവിൽ ഇതാ നിന്നെ കണ്ടപ്പോൾ.., എല്ലാം ഉരുകി തീർന്നു.“

“മാപ്പ്, എല്ലാത്തിനും മാപ്പ് ഒരുപാട് വേദനിപ്പിച്ചു എന്നറിയാം, മാപ്പ്..” അവൾ പൊട്ടിക്കരയുകയായിരുന്നു. ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒന്നിനും കഴിഞ്ഞില്ല. ഞങ്ങളുടെ വാക്കുകൾ മുറിഞ്ഞു. എപ്പോഴോ ഞങ്ങൾ മയക്കത്തിലേക്കു വീണു.

                     ഉറക്കമുണരുമ്പോഴേക്കും അപരിചിതത്വത്തിന്റെ എല്ലാ മറകളും നീങ്ങി കഴിഞ്ഞിരുന്നു. സ്വന്തമെന്നപോലെ അടുത്ത സമീപനമായിരുന്നു അവളുടേത്. എന്റെ എല്ലാകാര്യങ്ങളിലും അവൾ സ്വതന്ത്ര്യത്തോടെ ഇടപെട്ടു. നീലഗിരിയുടെ ഭംഗി എന്നെ അത്ഭുതപ്പെടുത്തി. കയ്യെത്തും ദൂരത്തുണ്ടായിരുന്ന ഈ സൌന്ദര്യം ഇത്രയും നാൾ അസ്വദിക്കാൻ ശ്രമിക്കത്തതിൽ, സ്വന്തമാക്കാൻ ശ്രമിക്കാത്തതിൽ എനിക്കു കുറ്റബോധം തോന്നി. കുന്നുകളുടെ ഓരോ ഇഞ്ചിലും ഇളം നീല നിറം പടർന്നിരിക്കുന്നു. മഞ്ഞിൽ നനഞ്ഞിരിക്കുന്ന നീലക്കുറിഞ്ഞിയുടെ സൌന്ദര്യം അത്രയേറെ ഞങ്ങളെ ആകർഷിച്ചു.

                     അടുത്ത ദിവസം, അതായിരുന്നു അവളോടൊന്നിച്ചുള്ള ജീവിതത്തിലെ അവസാന ദിവസം. അതു വരെ കണ്ടിരുന്ന ഊർജ്ജസ്വലത അവളിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. കുന്നിൻ ചെരുവിലെ ചാരുബെഞ്ചിൽ ചേർന്നിരിക്കുമ്പോൾ അവൾ വിദൂരത്തെവിടെയോ നോക്കി മൂകമായിരുന്നു. എന്റെ ചോദ്യങ്ങൾക്കും സംസാരത്തിനും മൂളൽ മാത്രമായിരുന്നു മറുപടി.

“ഏട്ടൻ ആ അപ്പൂപ്പൻതാടി കണ്ടോ..? കയ്യെത്തിപ്പിടിക്കാൻ ശ്രമിച്ച അപ്പൂപ്പൻ താടി പോലെ ആയിരുന്നു എന്റെ ജീവിതം. ഞാൻ പിടിക്കാൻ ശ്രമിച്ചപ്പോഴെല്ലാം എന്നെ കബളിപ്പിച്ച് കൊതിപ്പിച്ച് അത് യാത്ര തുടർന്നു, എവിടേക്കെന്നറിയാതെ..”

                     അവളുടെ മനസ്സ് അസ്വസ്ഥമാണെന്നു മനസ്സിലായപ്പോൾ ഞാൻ അവളെ ഒറ്റക്കിരിക്കാൻ വിട്ട് എന്റേതായ ലോകത്തേക്കു നീങ്ങി. ചുറ്റിലും വിനോദ സഞ്ചാരികളുടെ തിരക്ക് ഏറിവരുന്നു. സായന്തനത്തിന്റെ സൌന്ദര്യമാസ്വദിക്കാൻ വിദ്യാർത്ഥികളും കുടുമ്പങ്ങളുമുൾപ്പെടെ പല സംഘങ്ങളും എത്തിക്കൊണ്ടിരുന്നു. കുളിർകാറ്റ് വീശുന്നുണ്ട്. ഭൂമിക്ക് തണുക്കാൻ തുടങ്ങിയിരിക്കണം. ആകാശത്തുനിന്ന് മഞ്ഞിന്റെ പുതപ്പ് ഭൂമിയെ മൂടിക്കൊണ്ടിരുന്നു. ഇളം കാറ്റിലിളകുന്ന അവളുടെ കുറുനിരകളുടെ ഭംഗി എനിക്കാസ്വദിക്കാതിരിക്കാനായില്ല. അവളുടെ വസ്ത്രങ്ങൾ കാറ്റിൽ ഇളകിയാടി. അവളുടെ മുഖത്തെ പ്രസാദഭാവം കണ്ടതുകൊണ്ടാവണം,
‘തുള്ളിതുളുമ്പുന്നതെന്തെൻ മുന്നിൽ
എന്നുള്ളം തുടിക്കുന്ന പോലെ’
എന്റെ വായിൽ നിന്നും അറിയാതെ രണ്ടുവരി കവിത ജനിച്ചു. ആനിയിൽ നിന്നും അപ്രതീക്ഷിതമായ ഒരു പൊട്ടിച്ചിരിയാണ് കേട്ടത്. അതേ വേഗത്തിൽ അവളെന്നെ ഗാഢമായി പുണർന്നു. ഒരു പുരുഷന്റെ ശക്തിയാണ് എനിക്കനുഭവപ്പെട്ടത്. പെട്ടെന്നുള്ള അവളുടെ ഭാവമാറ്റത്തിൽ ഞാൻ സ്തബ്ധനായി നിന്നുപോയി. ചുറ്റും നിന്നിരുന്ന ടൂറിസ്റ്റുകൾ ഞങ്ങളെ തുറിച്ചു നോക്കുന്നു. “അനൂ” ഞാൻ അവളെ അടർത്തിമാറ്റാൻ ശ്രമിച്ചു. ഞാൻ ബലമായി അകറ്റി നിർത്തുമ്പോഴാണ് അവൾക്ക് പരിസരബോധം ലഭിച്ചത്. അവളുടെ ശിരസ്സ് താഴ്ന്നു. ചുറ്റും നിന്നവർ ഞങ്ങളിൽ നിന്നും കണ്ണെടുത്തിരുന്നില്ല. തിരിച്ച് റിസോർട്ടിലെത്തുന്നതു വരെ ഞങ്ങൾ ഒന്നും സംസാരിച്ചിരുന്നില്ല. പക്ഷെ അവളുടെ കൈ എന്റെ കൈക്കുള്ളിൽ ഭദ്രമായിരുന്നു.

                     മുറിക്കുള്ളിൽ കടന്നതും ഞാൻ വാതിലുകളടച്ചു. ശക്തമായ തണുപ്പിൽ നിന്നും കയറിവന്നതിന്റെ ആവേശത്തിൽ ഞാൻ അവളെ ആലിഗനം ചെയ്തു.

“എന്തിനിങ്ങനെ തിരക്കു കൂട്ടുന്നു, സ്ത്രീകളെ കാണാത്തതുപോലെ..“ എന്നെ തള്ളിമാറ്റി അല്പം ദേഷ്യത്തോടെ അവൾ പറഞ്ഞു. ഞാൻ പരിഹസിക്കപ്പെടുന്നതുപോലെ എനിക്കു തോന്നി. ആ രാത്രിയിൽ ഞങ്ങൾക്ക് ഉറങ്ങാനായില്ല. തികച്ചും നിശബ്ദമായിരുന്നു ആ രാത്രി. ടേബിളിലിരുന്ന ഭക്ഷണത്തിലേക്ക് ആരും ശ്രദ്ധിച്ചില്ല. രാവിലെയുള്ള തിരിച്ചുപോക്ക് ഒരു കനത്ത ഭാരമായി നിറഞ്ഞു നിന്നു. അതിരാവിലെ ടാക്സി എത്തി. ഞങ്ങൾ രണ്ടു പേരും യന്ത്രങ്ങളേപോലെയായിരുന്നു അവിടം വിട്ടത്. മനസ്സിലെ മരവിപ്പ് കൂടി കൂടി വന്നു. അവളുടെ കണ്ണുകൾ ഇടയ്ക്കിടെ നീർപൊഴിക്കുന്നത് എനിക്കു കാണാമായിരുന്നു. ഒരു സ്വാന്തനത്തിനെന്ന പോലെ ഞാൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു. ഇടയ്കിടെ അവൾ എന്റെ മുഖത്തേക്ക് ദയനീയമായി നോക്കിക്കൊണ്ടിരുന്നു. ഉപേക്ഷിക്കപ്പെടാൻ പോകുന്നവളുടെ മനസ്സായിരുന്നു അവൾക്കപ്പോൾ.

                     ഫ്ലൈറ്റിൽ അടുത്തടുത്തിരിക്കുമ്പോഴേക്കും ഞങ്ങൾ അകന്നു കഴിഞ്ഞിരുന്നു. തീരെ സംസാരിക്കാൻ കഴിഞ്ഞില്ല. അവൾ കണ്ണുകൾ ഇറുകെ അടച്ച് പുറകിലേക്ക് ചാഞ്ഞു. കയ്യിലിരുന്ന കൈലേസുകൊണ്ട് ഇടക്കിടെ മുഖത്തെ ഈർപ്പം വലിച്ചെടുത്തുകൊണ്ടിരുന്നു. വരികൾക്കിടയിലൂടെ കണ്ണോടിയില്ലെങ്കിലും ഞാനും ഏതോ മാഗസിനിലേക്ക് മുഖം പൂഴ്ത്തി. മനസ്സിനെ കബളിപ്പിക്കാൻ ഒരു വിഫല ശ്രമം. അവളെ പിരിയാനുള്ള വിഷമാണോ, അവളോടുള്ള അഗാധമായ പ്രണയമാണോ, അവളുടെ നിറകണ്ണുകളാണോ അതോ അവളുടെ ശരീരത്തിന്റെ താപമാണോ എന്നൊന്നും അറിയില്ല, രണ്ടു ദിവസം കൂടി ഒരുമിച്ചു ഡെൽഹിയിൽ ചെലവഴിക്കാൻ ഞാൻ അവളെ ക്ഷണിച്ചു. തുറിച്ചുള്ള നോട്ടം മാത്രമായിരുന്നു മറുപടി.

                     യാത്ര പറഞ്ഞു പിരിയാൻ സമയം സമാഗതമായിരിക്കുന്നു. ഓരോ നിമിഷം പിന്നിടുമ്പോഴും മനസ്സിന്റെ ഭാരം ഏറി വന്നു. റെസ്റ്റോറന്റിൽ കോഫിക്ക് ഓർഡർ ചെയ്തിരിക്കുമ്പോഴും ഞങ്ങൾക്കിടയിലെ മൌനം മാറിയിരുന്നില്ല.
                    
“ഇനിയെന്നു കാണും..” ഞാൻ തുടക്കമിട്ടു. അവൾ ഒന്നും പറഞ്ഞില്ല.
“ഇവിടെ നിന്ന് എവിടേക്കാണ് പോകുന്നത്.., നാട്ടിലേക്ക്?

“ഊം” അവൾ മൂളി.

“നാട്ടിൽ ചെന്നിട്ട് ഇനിയെന്ത്, ഇങ്ങനെ തന്നെ ജീവിച്ചു തീർക്കാനാണോ പോകുന്നത് ”

“ജീവിച്ചു തീർക്കാനോ ജീവിതത്തെ കുറിച്ച് എനിക്കങ്ങനെ ഒരു മിഥ്യാധാരണയില്ല. ജീവിച്ചു തീർക്കാനോ..? ആർക്കുവേണ്ടി..? എന്തിനു വേണ്ടി..? ഒന്നും നേടാനില്ല.. ആരെയും..  ഇപ്പോൾ, ഇപ്പോൾ എങ്ങനെയെങ്കിലും തീർന്നു കിട്ടണം ഈ ജീവിതം. ഇനി ഒരു ജന്മമുണ്ടെങ്കിൽ നോക്കണം.. എനികു കിട്ടുമോയെന്ന്..” വീണ്ടും അവളുടെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു.

                     “ അതൊക്കെ മഠയത്തരമാണ്. നമുക്ക് ചെയ്തു തീർക്കാൻ ഒരുപാട് ഉണ്ടിവിടെ.. സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചില്ലേ..? ഇനി ജീവിതത്തിൽ എന്തെങ്കിലും ആകാൻ ശ്രമിക്കൂ. തോൽക്കാനുള്ളതല്ല, ജയിക്കാനുള്ളതാ ജീവിതം. ജയിച്ചു കാണിച്ചു കൊടുക്കാൻ..” ഞാൻ ഏതോ തത്വഞ്ജാനിയേപ്പോലെ സംസാരിച്ചു.

                     “ഇനി ഒന്നും ആകാൻ ഇല്ല. ഞാൻ എന്റെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ചു. ഒരു കാര്യത്തിലേ സങ്കടമുള്ളൂ, ഒരു കുട്ടിയെ പ്രസവിച്ചു മുലയൂട്ടി വളർത്താൻ എല്ലാ സ്ത്രീകളും മോഹിക്കില്ലേ..? അതു നടന്നില്ല ജീവിതത്തിൽ. അതേ ഉള്ളൂ സങ്കടം. മറ്റെല്ലാം ഞാൻ കളഞ്ഞു” അവൾ പൊട്ടിക്കരഞ്ഞു. എന്റെ കണ്ണുകളും ഈറനണിയുന്നത് ഞാൻ അറിഞ്ഞു. ഞാൻ ചുറ്റും നോക്കി. ആരും ശ്രദ്ധിക്കുന്നില്ല.

                     “ഞാൻ ഞാൻ നിനക്ക് ഒരു കുഞ്ഞിനെ തരട്ടെ..?” എങ്ങനെയാണ് ആ വാചകങ്ങൾ എന്നിൽ നിന്നും ഉതിർന്നു വീണതെന്ന് എനിക്കറിയില്ല. എന്റെ കണ്ഠമിടറിയിരുന്നു. ശബ്ദം എവിടെയോ കുടുങ്ങി കിടന്നു. ആനി പെട്ടെന്ന് മുഖമുയർത്തി. അവളുടെ നീർച്ചാലുകൾ നിലച്ചിരുന്നു. കണ്ണുകൾ തുറിപ്പിച്ച് അവൾ എന്നെ രൂക്ഷമായി നോക്കി.

                     “നിങ്ങൾക്കു നാണമില്ലേ.. കൊള്ളാം.., എന്നെ നിങ്ങൾ ഇങ്ങനെയാണ് വിലയിരുത്തിയിരിക്കുന്നത് അല്ലേ..? ജീവിതകാലം മുഴുവൻ എന്നെ ഒരു ഉപഭോഗ വസ്തുവാക്കാം എന്നു കരുതി അല്ലേ..? നിങ്ങളുടെ ഭാര്യയെ കുറിച്ച് ചിന്തിച്ചോ..? കുട്ടികൾ..? എന്നെയും അവരേയും ഒരേ സമയം ഒരേപോലെ വഞ്ചിക്കാൻ ശ്രമിക്കുകയല്ലേ നിങ്ങൾ.“ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാ‍കാതെ ഞാൻ തരിച്ചിരുന്നു പോയി. തിടുക്കത്തിൽ അവൾ എഴുന്നേറ്റ് പുറത്തേക്കു നടന്നു. ആദ്യം വന്ന ടാക്സിയിൽ കയറുമ്പോൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാൻ അവൾ മറന്നില്ല. കുറച്ച് മുമ്പു കണ്ട രൌദ്രഭാവമൊന്നും അപ്പോൾ അവളുടെ മുഖത്ത് കണ്ടില്ല.

                     അടുത്ത ദിവസങ്ങളിലെല്ലാം അവൾ താമസിച്ചിരുന്ന ഹോട്ടലിലേക്ക് ഫോൺ ചെയ്തെങ്കിലും അവൾ സംസരിക്കാൻ തയ്യാറായില്ല. പിന്നീട് വിളിച്ചപ്പോൾ അവൾ നാട്ടിലേക്കു മടങ്ങി എന്നറിഞ്ഞു. എന്റെ ജീവിതത്തിലെ തകർച്ചയുടെ ദിവസങ്ങളായിരുന്നു പിന്നീട്. ആകെ മാനസിക നില തെറ്റിയപോലെ. ജോലിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പലവഴികളിലൂടെയും അവൾക്കായ് തിരച്ചിൽ തുടർന്നു. ഒരു കുറ്റബോധം മനസ്സിലെവിടെയോ കുരുങ്ങി കിടന്നിരുന്നു.

                     ഏറെ നാൾ കാത്തിരിക്കേണ്ടി വന്നില്ല. എന്റെ മേൽവിലാസത്തിൽ ആനിയുടെ അടുത്ത പുസ്തകവും എത്തി. എന്റെ മനസ്സിലേക്ക് വീണ്ടും കുളിർമഴ പെയ്തിറങ്ങി. അവളുടെ കയ്യൊപ്പോടുകൂടിയ പുസ്തകം
                                 ‘സഹയാത്രിക’
അതിൽ എനിക്കായന്നവണ്ണം അടിവരയിട്ട വാചകങ്ങൾ.
            ‘ഇതെന്റെ തിരിച്ചുപോക്കല്ല. കാത്തിരിപ്പാണ്, സ്നേഹം കൊതിക്കുന്ന, സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന, അനാഥമായ എന്റെ മനസ്സിന്റെ കാത്തിരിപ്പ്. ജീവിതത്തിലാരെയും വെറുക്കാതിരിക്കാൻ, വേദനിപ്പിക്കാതിരിക്കാൻ എന്നെ പഠിപ്പിച്ച എന്റെ മാതാപിതാക്കൾക്ക് നന്ദി. രക്ഷകയായല്ല, സഹയാത്രിക ആകാൻ വേണ്ടി മാത്രം. എന്റെ പ്രണയത്തിന്റെ സത്യം എന്നെ തിരഞ്ഞ് ഒരിക്കലെത്തുമെന്ന എന്റെ മനസ്സിന്റെ സാന്ത്വനം, അതു നിറവേറ്റപ്പെടാൻ ഞാൻ ഇനിയും കാത്തിരിക്കും. നൽകാൻ ഞാൻ ഒന്നും കരുതി വെച്ചിട്ടില്ല, കണ്ണുനീർ കയങ്ങളിൽ നീ മുങ്ങാതിരിക്കാൻ സാന്ത്വനങ്ങൾ മാത്രം. ഞാൻ ബന്ധനസ്ഥയാണ്. മനസ്സു ബന്ധിക്കാൻ ആർക്കും കഴിയില്ലല്ലോ!. യാത്ര തുടരുക പ്രിയനേ.., ഒരു നിഴൽ പോലെ ഞാൻ പുറകിലുണ്ടാകും. നിനക്കു ഇതു വരെ കാണാൻ കഴിയാതിരുന്ന അതേ ദൂരത്തിൽ. മരുഭൂമിയിലെ കനത്ത ചൂടിൽ, വീശിയടിക്കുന്ന കാറ്റിൽ, നീ തളരാതെ യാത്ര തുടരുക. നിന്റെ കാലിടറിയാൽ ഒരു കൈത്താങ്ങായി ഞാനുണ്ടാകും, എന്നും. നിന്റെ യാത്രയുടെ അന്ത്യം ഇരുളിന്റെ കറുത്ത മുഖമല്ല, അപ്രതീക്ഷിതമായെത്തുന്ന വെളിച്ചമായിരിക്കും. ഒരു നിമിഷത്തെക്കു നിന്റെ കണ്ണൊന്നു ചിമ്മിയേക്കാം. അത് വിജയത്തിന്റെ വെളിച്ചമാണ്. അവിടെ വരെ, അവിടെവരെ മാത്രമാണ് എന്റെ പ്രയാണം. മൌനത്തിന്റെ നിറമുള്ള എന്റെ വേദനകൾക്ക് എന്നും നന്മകൾ മാത്രം നേരുന്നു.‘

            ഏറെ നാളുകൾക്കു ശേഷം എന്റെ മനസ്സിൽ നിന്നും ആ കനത്ത ഭാരം ഇറക്കി വയ്ക്കപ്പെടുകയായിരുന്നു. പക്ഷേ അവളെ തേടിയുള്ള എന്റെ തിരച്ചിലുകളൊന്നും ഫലം കണ്ടില്ല. എന്റെ മുന്നിലെത്തിപ്പെടാതെ, എന്റെ മനസ്സിനു പിടി തരാതെ അവൾ മറഞ്ഞുകൊണ്ടിരുന്നു. ഏതൊക്കെ രീതിയിൽ നിക്ഷേധിച്ചാലും അവൾക്കെന്നോടുള്ള സ്നേഹം, അതെന്നും സത്യമാണ്. അവളുടെ പുസ്തകങ്ങളിലെ മരണം പോലെ, മരണം പോലെ തെളിഞ്ഞു നിൽക്കുന്ന സത്യം. പക്ഷേ എനിക്കത് കാത്തിരുന്ന് തിരിച്ചറിയേണ്ടതില്ല. അതു ഞാൻ അനുഭവിച്ചറിഞ്ഞ സ്നേഹമാണ്. എന്നെ ജീവിതത്തിലുട നീളം വിടാതെ, എന്റെ മനസ്സിലെപ്പോഴും എന്നെ പിന്തുടരുന്ന എന്റെ പ്രിയപ്പെട്ടവളുടെ പ്രണയം. ഞാൻ ഒരിക്കലും നിക്ഷേധിക്കാത്ത, നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത എന്റെ മാത്രം , എന്റെ മാത്രം സ്വകാര്യതകളുടെ പ്രണയം. പക്ഷേ പലപ്പോഴും അവളതെനിക്ക് വെച്ചുനീട്ടി, എനിക്കു തരാതെ തട്ടിത്തെറിപ്പിച്ച്, എന്നിൽ നിന്നും കടന്നു കളയുന്നു. അവളുടെ മനസ്സിന്റെ പ്രതികാരമാണോ, അതോ അവളുടെ മാനസിക സംതൃപ്തിയാണോ..? എനിക്കറിയില്ല. പക്ഷേ, ഞാൻ ഇപ്പോഴും അവളെ ഇഷ്ടപ്പെടുന്നു. ആനി. എന്റെ നിത്യ കാമുകി

            “ രാവിലെ പത്രവും കൈയ്യിൽ വച്ച് ഉറങ്ങുകയാണോ.., ഓഫീസിലൊന്നും പോകണ്ടേ..?” ചായയുമായി എത്തിയ അരുന്ധതി നീരസത്തോടെ ചോദിച്ചു. ഞാൻ അലസതയോടെ അന്നത്തെ ന്യൂസ് പേപ്പർ എടുത്തു മറിച്ചു നോക്കി. ഒന്നാം പേജിൽ മഞ്ഞുമൂടിയ നീലതാഴ്വരയുടെ വർണ്ണചിത്രം. ഒപ്പം അടിക്കുറിപ്പും.

“ BLOOMING BLUES IN SOUTH ”
“നീലക്കുറിഞ്ഞികൾ പൂക്കുന്നു”
___________

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കൂ ...