Wednesday, June 15, 2011

പണിപ്പുര

എഴുത്തു മരിച്ചെന്റെ പൊന്നേ…
വാക്കുകളുടെ മലമുകളിലുരുൾ പൊട്ടിയില്ല,
മഴപെയ്തില്ല – തരിശായ്
എന്റെ നിദ്രകളിലൊക്കെയും
ചിന്തകളിലെവിടെയും-
ഒരുപാട് നൂലില്ലാ പട്ടങ്ങളായ്
കാറ്റിലിടറിയുമാടിയും
തമ്മിൽ ചതിച്ചും കുതിച്ചും
മുറിവേൽ‌പ്പിച്ചുമൽ‌പ്പനേരമിടറിനിന്നും
ചുഴലിയായും ഇഴഞ്ഞനങ്ങിയും
ആകാശത്തോളപ്പരപ്പിൽ വട്ടമിടുന്നു.

നീർപെയ്തു മുത്തുപൊഴിച്ചെന്റെ
നെഞ്ചകത്താരാട്ടിന്നകമ്പടിപാട്ടായ്
കനവായ് കാതലായ്, മുത്തായ് മധുരമായ്
ജീവജലമായ്..
കുളിരായ്, പുളകമായ്
മുകുളങ്ങൾ വിടരുന്ന മലർവാടി-
യിലൊരമ്പിളിക്കലയായ്..
ഉദിച്ചുയർന്നെന്നുന്മാദ ചിത്തത്തി-
നുൾത്തുടിപ്പേറുവാൻ….
കവിതേ.., നീ വിരുന്നെത്തുമാ-
പുലരിയെ കിനാവു കാണുന്നുമിന്നും ഞാൻ….

Friday, April 8, 2011

മുന്നോട്ട്.. മുന്നോട്ട്.. മുന്നോട്ട്..


വിപ്ലവ നക്ഷത്രം ഏണസ്റ്റോ ചെ’ഗുവരെ യെ കുറിച്ചു ചില വരികൾ എഴുതാനുള്ള പ്രയത്നത്തിലാണ്, തന്റെ അനുയായികളെ അദ്ദേഹം എങ്ങനെയൊക്കെയാണ് പ്രചോദിപ്പിച്ചിരിക്കുക എന്ന ചിന്ത ജനിച്ചത്. അതിൽ നിന്നും ഉൽക്കൊണ്ട ചില വരികളിലേക്ക്..

മനസ്സിൽ വിപ്ലവ ശ്രുതികൾ തീർത്തൊരു
മുരളികയായ് അങ്ങു നിറഞ്ഞു നിൽക്കേ-
അങ്ങേക്കായ് തീർക്കുന്നു ഞാൻ
ത്യാഗരാജ കീർത്തനത്താലൊരഭിവാദ്യ ഗീതം
‘എന്തൊരു മഹാനു ഭാവലു….’

മുന്നോട്ട്.. മുന്നോട്ട്.. മുന്നോട്ട്..

വരികൾക്കു ചുവടിലെ വര തേടിയല്ല
വരണം സമത്വം സമുന്നതമാം
കടക്കേണമിനിയും പാതയേറേ
വരികിനിയും സഹജരേ സമയമായ് പോം

ഇന്നു നാം താണ്ടുന്ന മുൾക്കാടുകൾ
നാളത്തെ വീഥിയിൽ പൂവനമാം
വറ്റിവരളുന്ന കണ്ട്ത്തിനില്ലിത്തിരി-
നീർദാഹമോർക്കേണം ലക്ഷ്യമേറേ

അന്തപുരമല്ലോ കാരാഗൃഹം
തൂക്കുകയറിനു പനിനീർപൂ ഗന്ധം
ഇടിനാദമാകില്ല വെടിയൊച്ചകൾ
ഇടനെഞ്ചിൽ വിരിയുമാ രക്തപുഷ്പം

രോമകൂപങ്ങളിലഗ്നി ജ്വലിക്കണം
രക്തം തിളക്കണം, തീജ്വാലയാകേണം
പാറിപ്പറക്കേണം രക്തപതാകകൾ
ഓടിയൊളിക്കേണം വർഗ്ഗശത്രു

ജാ‍തികളില്ലാ മതവൈര്യവും
വർഗ്ഗങ്ങളില്ലാ വർണ്ണങ്ങളും
ജീനുകളെല്ലാം ഒന്നുപോലെ
ജനതക്കു വേണ്ടി പോരാടിടേണം

അതിരുകളില്ല, ഭൂപടവും
പടവുകൾ താണ്ടേണം സമഭാവന
ലക്ഷ്യം വിജയത്തിനരികിലല്ല
‘ലോകാ സമസ്ത സുഖിനോ ഭവന്തു‘

Thursday, February 17, 2011

ഗുജറാത്ത്

വെളുത്ത പിഞ്ഞാണത്തിലെ
പൊരിച്ച കോഴിത്തുണ്ടുകൾ
അരികിൽ തളം കെട്ടിയ
രക്തചുവപ്പേറും തക്കാളിച്ചാറും
നുരഞ്ഞു പതയുന്ന മധുചഷകങ്ങൾ
വാനോളമുയർന്ന വികസനാഭാസ നേർക്കാഴ്ച്ചകൾ
അങ്ങു താഴെ, കരിഞ്ഞ മാംസഗന്ധം
അഗ്നിപുകച്ചുരുളുകൾ അനന്തത തേടുന്നതവിടെ,
അലയുന്ന മനുഷ്യാത്മാക്കളും.
ഇതു ഗുജറാത്ത്, രാമനാമം ചൊല്ലിയോരു
മഹാത്മാവിന്റെ ജന്മഗേഹം
ശവകുടീരത്തിലെ കെടാത്ത ദീപനാളം പോലെ
കത്തിപ്പടരുന്നമർഷം - ഹർഷമേതുമില്ല
രാമന്നു വേണം ഗൃഹം, രാമന്നു വേണം ജയം
രാക്ഷസ്സ പട്ടാഭിക്ഷേകത്തിനായ്
രാജസിംഹാസനം ഇളകാതിരിക്കണം
രാമനാമം കത്തിജ്വലിക്കണം
ചക്രവർത്തിയായ് ചുവടുകളുറപ്പിക്കേണം
നടുങ്ങേണം നാമം കേട്ടമാത്രയിൽ ഭാരതമൊട്ടാകെ
വേണ്ടാ, വേറിട്ടൊരു ശബ്ദവും വേണ്ട
പിഴുതെടുക്കേണം ചിലക്കുന്ന നാവുകളൊക്കേയും
മരിക്കുന്നവനമരത്വവും വേണ്ടവൻ രക്തസാക്ഷിയുമല്ല
പാടിപഴിച്ചവനെ വെറുക്കേണം
തലമുറകളോർക്കേണം വെറുക്കപ്പെട്ടവനായ്
രാജദ്രോഹമുദ്രകൾ ചാർത്തപ്പെടേണം
മരിച്ചു ജീർണ്ണിച്ച തലയോടുകളിൽ പോലും
രാക്ഷസ്സസിംഹാസനമുറച്ചു നിൽക്കേണമിനിയും
ഇതു ഗുജറാത്ത്, കെടാത്തൊരഗ്നിനാളങ്ങളുടെ വനപർവ്വം