Thursday, February 17, 2011

ഗുജറാത്ത്

വെളുത്ത പിഞ്ഞാണത്തിലെ
പൊരിച്ച കോഴിത്തുണ്ടുകൾ
അരികിൽ തളം കെട്ടിയ
രക്തചുവപ്പേറും തക്കാളിച്ചാറും
നുരഞ്ഞു പതയുന്ന മധുചഷകങ്ങൾ
വാനോളമുയർന്ന വികസനാഭാസ നേർക്കാഴ്ച്ചകൾ
അങ്ങു താഴെ, കരിഞ്ഞ മാംസഗന്ധം
അഗ്നിപുകച്ചുരുളുകൾ അനന്തത തേടുന്നതവിടെ,
അലയുന്ന മനുഷ്യാത്മാക്കളും.
ഇതു ഗുജറാത്ത്, രാമനാമം ചൊല്ലിയോരു
മഹാത്മാവിന്റെ ജന്മഗേഹം
ശവകുടീരത്തിലെ കെടാത്ത ദീപനാളം പോലെ
കത്തിപ്പടരുന്നമർഷം - ഹർഷമേതുമില്ല
രാമന്നു വേണം ഗൃഹം, രാമന്നു വേണം ജയം
രാക്ഷസ്സ പട്ടാഭിക്ഷേകത്തിനായ്
രാജസിംഹാസനം ഇളകാതിരിക്കണം
രാമനാമം കത്തിജ്വലിക്കണം
ചക്രവർത്തിയായ് ചുവടുകളുറപ്പിക്കേണം
നടുങ്ങേണം നാമം കേട്ടമാത്രയിൽ ഭാരതമൊട്ടാകെ
വേണ്ടാ, വേറിട്ടൊരു ശബ്ദവും വേണ്ട
പിഴുതെടുക്കേണം ചിലക്കുന്ന നാവുകളൊക്കേയും
മരിക്കുന്നവനമരത്വവും വേണ്ടവൻ രക്തസാക്ഷിയുമല്ല
പാടിപഴിച്ചവനെ വെറുക്കേണം
തലമുറകളോർക്കേണം വെറുക്കപ്പെട്ടവനായ്
രാജദ്രോഹമുദ്രകൾ ചാർത്തപ്പെടേണം
മരിച്ചു ജീർണ്ണിച്ച തലയോടുകളിൽ പോലും
രാക്ഷസ്സസിംഹാസനമുറച്ചു നിൽക്കേണമിനിയും
ഇതു ഗുജറാത്ത്, കെടാത്തൊരഗ്നിനാളങ്ങളുടെ വനപർവ്വം