Tuesday, April 27, 2010

വെളിച്ചത്തിലേക്ക്


ജീവിത യാഥാർത്യങ്ങൾക്കു നടുവിൽ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യ മനസ്സിനെ പ്രകൃതിയുടെ രൌദ്ര ഭാവങ്ങളിലൂടെ വരച്ചു കാണിക്കാൻ ശ്രമിക്കുകയാണ് ഞാൻ ഇവിടെ….. ശ്രമം വിജയിച്ചോ..? നിങ്ങൾ പറയൂ..

ഞാനീ ഇരുട്ടിൽ തനിച്ചിന്നിരിക്കുമ്പോൾ
പ്രകാശ കമ്പളം എനിക്കായ് നീട്ടുന്നതാര്..!
അകതാരിൽ മാറാലക്കാവുകൾ പൊന്തുമ്പോൾ
ഹൃദയത്തിൻ മണിനാദം കേൾപ്പിക്കുന്നതാര്…!

തിരമാലകൾക്കുമേൽ തുഴയാനെനിക്കിന്ന്
തുണയായ് തോണിയായ് ആരിരിപ്പൂ..!
കാറ്റിൻ കാപാല നൃത്തം തുടരുമ്പോൾ
ഹൃദയ കവാടം തകരാതെന്നെ ആരു കാക്കും..!

മഞ്ഞിൽ മരവിച്ചൊരുൾക്ക‍ാമ്പിനിത്തിരി
മെയ്ച്ചൂടേകുവാൻ ആരു നിൽ‌പ്പൂ…!
മിന്നൽ പിണരുകൾ ആഴത്തിലേൽക്കുമ്പോൾ
ശോണിത പുഷ്പങ്ങൾ ആരിറുക്കും..!

കാറുകൾ പാറാതെ ചാറിത്തുടങ്ങുമ്പോൾ
ഓരം ചേർത്തെന്നെ ആരു നിർത്തും..!
താപന ശക്തിയാൽ നീർവറ്റിയൊരീ പൊയ്കയിൽ
ആനന്ദ തേന്മഴ ആർ പൊഴിക്കും..!

Friday, April 23, 2010

നൊസ്റ്റാൾജിയ


നിനവറിയാതെ നോവറിയാതെ കടന്നു പോയ എന്റെ കലാലയ ജീവിതത്തിന്റെയും ഹോസ്റ്റൽ ജീവിതത്തിന്റെയും ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ ചെറിയ വരികളിലൂടെ വരച്ചു കാണിക്കുവാൻ ശ്രമിക്കുകയാണ് ഞാൻ ഇവിടെ..

ഇനിയുമാ സത്രത്തിലൊരുമിച്ചു കൂടുവാൻ
ഇനിയുമാ സുദിനങ്ങൾ പങ്കുവയ്കാൻ
വിധിയെനിക്കില്ലെന്നറിഞ്ഞിടുന്നെങ്കിലും
മധുരമാ നൊമ്പരം തെല്ലയയുന്നീല..

കാലത്തിൻ പടവതിൽ കിതപ്പാറ്റുവാനായ്
കാലം നിൻ പടിവാതിൽ തുറന്നിടുമോ വീണ്ടും
വാകമരച്ചോട്ടിലെ ചൂളം വിളികളും
വിഷുക്കണിക്കൊന്നതൻ പൂക്കാലവും

അയലത്തെ വീട്ടിലെ സുന്ദര വദനവും
അലയടിച്ചെത്തുന്ന ആർപ്പു വിളികളും
അലസമായ് പാടുന്ന കളകൂജനങ്ങളും
മൃദുലമാമോർമ്മകൾ കടമെടുക്കുന്നു ഞാൻ..