Wednesday, September 5, 2012

അപ്പൂപ്പൻ



ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരെങ്കിലുമായി സാമ്യം തോന്നുന്നു എങ്കിൽ അത് യാദൃശ്ചികമല്ല. കാരണം ആനുകാലിക സംഭവവികാസങ്ങളെ ചൂണ്ടിക്കാണിക്കുവാൻ മാത്രമാണ് ഈ രചന. നമ്മുടെ സ്വാതന്ത്ര്യം 50%-ൽ ഏറെ ഹനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ പോലും അവധി നൽകാൻ തയ്യാറാകാത്ത വിദേശ കമ്പനികൾ നമ്മുടെ നാട്ടിലുണ്ടെന്നറിയുമ്പോഴാണ് നാം എത്രത്തോളം സ്വതന്ത്രരാണെന്ന് മനസ്സിലാകൂ. നമുക്കു നമ്മുടെ നാടിനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. വികസനത്തിന്റെ പേരിൽ നമ്മുടെ നാട് കൊള്ളയടിക്കപ്പെടുന്നു. കളവിന് വികസനം മറയക്കുന്നു.  BMWകാറും എല്ലാവർക്കും മൊബൈലും കമ്പ്യൂട്ടറും ഉപയോഗിക്കാൻ കഴിയുന്നതാണോ വികസനം! എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും ഭക്ഷണം, ജലം, അഭയം, ഒരേ നീതി ഇതെല്ലാമായിരിക്കേണ്ടേ വികസനം.

പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനസമൂഹമാണ് നമ്മുടേതെന്ന കാഴ്ചപ്പാടിനെ ഒരിക്കൽകൂടി ഉറപ്പിച്ചുകൊണ്ട് മഹാനായ ഈ ‘അപ്പൂപ്പൻ‘ നിങ്ങളിലേക്ക്.

അപ്പൂപ്പൻ       

                    ഇന്നലെയും അപ്പൂപ്പൻ സ്വപ്നത്തിൽ വന്നു. ഉറക്കം നഷ്ടപ്പെടുന്നു. ഇതു തന്നെയാണ് അമ്മാവന്റെയും പ്രശ്നമത്രേ! അപ്പൂപ്പൻ സ്വപ്നത്തിൽ വരുന്നു; അമ്മായിയുടെ തലയിണ മന്ത്രത്തിൽ വീഴരുതെന്ന് ഉപദേശിക്കുന്നു. അമ്മായിക്കും മക്കൾക്കും പണം മാത്രം മതി. ഏറെ സമ്പാദിച്ചു കൂട്ടിയതല്ലേ, ഇനിയെങ്കിലും എല്ലാവർക്കും അവകാശപ്പെട്ട തറവാട് സുരക്ഷിതമാക്കണമെന്ന് ഉപദേശിക്കുന്നു. താടിയും മുടിയും നീട്ടി വളർത്തിയാൽ സാത്വികനാകില്ല. അമ്മാവന്റെ താടിയും മുടിയും നീട്ടിവളർത്തിയ ഭാവഭേദങ്ങളില്ലാത്ത മുഖഭാവം ആദ്യമൊക്കെ ഏവരെയും ആകർഷിച്ചിരുന്നു. പക്ഷേ, അമ്മായിയുടെയും മക്കളുടെയും വഴിവിട്ട പോക്ക് നാട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും ഒറ്റപ്പെടുത്തി.

                    അപ്പൂപ്പന് താടിയുണ്ടായിരുന്നില്ല. തലയിലാകട്ടെ അല്പം പോലും മുടിയും. പക്ഷേ തറവാടും സ്വത്തും കൈക്കലാക്കിയ പലരേയും അപ്പൂപ്പന്റെ ദൃഡനിശ്ചയം ഒന്നുകൊണ്ടു മാത്രം പുറത്താക്കി. അപ്പൂപ്പൻ പഴയൊരു വക്കീലായിരുന്നത്രേ! അപ്പൂപ്പന്റെ വട്ടക്കണ്ണടയും മെതിയടിയും കണ്ടാൽ ഒരിക്കലും അങ്ങനെ തോന്നില്ല.

                    അപ്പൂപ്പൻ ഇന്നലെയും എന്നോട് പറയുകയായിരുന്നു, നമ്മുടെ ഭൂമിയിൽ കൃഷി ചെയ്യാൻ നമുക്കേ അവകാശമുള്ളൂ എന്ന്. ഭൂമി മറ്റുള്ളവർക്ക് പാട്ടത്തിന് കൊടുത്താൽ നാളെ അവർ അതിന്റെ അവകാശികളാകും; നമ്മൾ അടിമകളും. പണ്ട്, വളരെ പണ്ട് തമ്മിലടിച്ചു കഴിഞ്ഞിരുന്ന നമ്മുടെ കാരണവന്മാരെ പറ്റിച്ച് അവർ അധികാരം പിടിച്ചെടുത്തത് ഇതേപോലെ തന്നെ ആയിരുന്നു. ഭൂമി നമ്മുടെ അമ്മയാണ്. അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും.

                    അമ്മവനാണെങ്കിൽ പാട്ടത്തിനു കൊടുത്തും സ്ഥലം വിറ്റും കിട്ടുന്ന കാശൊക്കെ മറ്റേതോ രാജ്യത്ത് വീട് വാങ്ങിച്ചും കച്ചവടം നടത്തിയും തീർക്കുകയാണത്രേ. നമ്മുടെ സ്വത്ത് മറ്റേതെങ്കിലും രാജ്യത്ത് എത്തിയാൽ തിരിച്ചു വരുമോ? അമ്മാവനും കൂട്ടരും അവിടുത്തെ സുഖലോലുപതയിൽ മതിമറന്നു. പക്ഷേ, ഇപ്പോഴും അതിർത്തി കടക്കുമ്പോൾ അവർ അമ്മാവനെ സംശയത്തോടെയാണ് നോക്കുന്നത്. അമ്മാവന്റെ തൊലിയുടെ കറുപ്പ് അവർക്ക് ഇഷ്ടപ്പെടുനില്ല. പക്ഷേ ആ തൊലിയുടെ കടുപ്പമാണ് അമ്മാവന്റെ വളഞ്ഞ നട്ടെല്ലിന് തുണയായെതെന്ന് അവർക്കറിയാം.

                    അപ്പൂപ്പനൊരു വിഢ്ഡി ആയിരുന്നോ! എനിക്കറിയില്ല. പക്ഷേ എനിക്കങ്ങനെ തോന്നി. പലവട്ടം. അപ്പൂപ്പൻ തറവാടും സ്വത്തും സംരക്ഷിച്ചപ്പോൾ സ്വന്തം കുടുമ്പം നോക്കിയില്ല. അപ്പൂപ്പന്റെ കാലശേഷം അമ്മൂമ്മ ഒരു ഭിക്ഷക്കാരിയേപ്പോലെ തെരുവിലലഞ്ഞ് മരിക്കുകയായിരുന്നത്രേ ഉണ്ടായത്. അപ്പൂപ്പന്റെ മരണത്തെക്കുറിച്ചും എനിക്ക് സംശയമുണ്ട്. അങ്ങനെ ഏതോ ഒരു ഭ്രാന്തൻ അപ്പൂപ്പനെ എന്തിനു കൊല്ലണം. തറവാട്ടിലെ കൊള്ളരുതായ്മകൾ കണ്ട് അപ്പൂപ്പൻ വീണ്ടും കാരണവസ്ഥാനം ഏറ്റെടുക്കുമോ എന്ന് ഭയപ്പെട്ട ആരോ ഇതിന്റെ പിന്നിലുണ്ട്.

                    അപ്പൂപ്പൻ വളരെ ശാന്തനായിരുന്നു. ലളിത ജീവിതം. തറവാട്ടിലുണ്ടാക്കുന്നതല്ലാതെ പുറമെ നിന്നും ഒന്നും അപ്പൂപ്പന് വേണ്ട! ഇന്നലെയും അപ്പൂപ്പൻ അതു തന്നെ എന്നോട് പറഞ്ഞു. “ നീയാണ് അവസാന കണ്ണി. നീ കൂടി കൈവിട്ടാൽ കുലം മുടിയും. അവർ നമ്മുടെ കാവു തീണ്ടും. കാവു തീണ്ടിയാൽ കുടിനീരു മുട്ടും. നമ്മുടെ ദാഹജലത്തിന് നാമവർക്ക് കപ്പം കൊടുക്കേണ്ടി വരും. നമ്മുടെ കാൽച്ചുവടുകൾ അവർ അളക്കും. നമ്മുടെ പറമ്പിലൂടെ നടക്കാൻ നമ്മുടെ ചുവടുകൾക്ക് അവർ വിലയിടും. വിലകൊടുക്കാൻ നാം കട്ടെടുത്തതോ വിദേശത്ത് കുന്നുകൂട്ടിയതോ ഒന്നും തികയാതെ വരും! “

കുഞ്ഞേ! ഇനിയും ഉറങ്ങാതെ
ഉണരൂ
_______________