Tuesday, September 28, 2010

അലാവുദ്ദീനും ഭൂതവും



അലാവുദ്ദീനിന്നലെ ഭൂതം കയറി
ആരുമറിയതവനൊന്നലറി
അമ്മയെ കണ്ടു തിരിച്ചറിഞ്ഞില്ലവൻ
അയലത്തെവിടെയും തേടി നടന്നു

അലാവുദ്ദീനിന്നലെ ഭൂതം കയറി
നിധികൾ കൈകൾ നിറയെ നിറഞ്ഞു
അറബിക്കഥയിലെ അത്ഭുതം പോലെ
ആകാശത്തോളം പാറി നടന്നു

ഭൂതം പണികൾ പറഞ്ഞു തുടങ്ങി
അലാവുദ്ദീനതു ചെയ്തു തുടങ്ങി
തോക്കുകൾ തോൽക്കും ധൈര്യം കിട്ടി
വാക്കുകൾ കൊടുവാൾ മൂർച്ചയിലായി

കാണാകാഴ്ചകൾ തേടി നടന്നു
കാണാൻ കണ്ണുകൾ തുറന്നതുമില്ല
തീരം തേടിയലഞ്ഞവനൊടുവിൽ
കടലിൻ കയത്തിൽ മുങ്ങിത്താണു

ഭൂതം വിട്ടു മാറുന്നില്ല
ലോകം തച്ചു തകർക്കാൻ നീക്കം
വിളക്കു തുറന്നലാവുദ്ദീനവനുടെ
വെളിച്ചം തിരിച്ചു പിടിക്കാനായി

ഭൂതമലഞ്ഞു നടന്നൂ പിന്നെയും
കുഴികൾ കുഴിച്ചൂ ഇരകൾക്കായി
ഇതളുകളടർത്തി പൂക്കൾ കൊഴിച്ചും
വിഫലമലഞ്ഞു നടന്നൂ വീണ്ടും

സമത്വ സുന്ദര ഭാരത നാട്ടിൽ
സമനില തെറ്റിയോടി നടന്നു

Wednesday, September 8, 2010

കാരണം


ബ്ലോഗെഴുത്തിനെക്കുറിച്ച് എന്നോട് ചോദിച്ചവരോട് ….

ഈ കവിതകളുരുകുമെൻ മനസ്സിന്നു സാന്ത്വനം
അവയിലെ വരികളോ നേരിന്റെ നുറുങ്ങുകൾ

പ്രണയമോ വിരഹമോ വേർതിരിച്ചില്ല ഞാൻ
മനസ്സിന്റെ വേദന കണ്ടെഴുതി

തകരുമാ മനസ്സുകൾക്കായി തരുന്നു ഞാൻ
വാക്കുകളാലെന്റെ സ്നേഹസ്പർശം

കനകം വിളയുന്ന മണൽത്തരികൾക്കിന്നു ഞാൻ
ഉപ്പു നീരിറ്റിച്ചു കുളിരു നൽകി

കൺകോണിലെപ്പൊഴോ നിറഞ്ഞൊരാ തുള്ളി ഞാൻ
ജീവജലമായി പകർന്നു നൽകി

അകലുവാനായിട്ടടുക്കുകയില്ല ഞാൻ
അടുക്കുവാനായിട്ടകലുന്നു വീണ്ടും

അകലെയാണെങ്കിലും ചൊരിയുന്നു ഞാൻ
എന്റെ സ്നേഹ പ്രവാഹത്തിൻ കാവ്യധാര