പരാജിതനിലെ അച്ചൻ…
നിദ്രേ…, വിടപറയാതിനിയും പോയ് മറയരുതു നീ
ഞാനെൻ കണ്മണിയെ കണ്ടുമുട്ടുവോളം വരെ
കുളിരേകുമോർമ്മകൾ നയനബാഷ്പം തൂകി
വിരഹമാം വേനലിൽ എത്തിനിൽക്കുമ്പോൾ
കൈക്കുമ്പിളിലെടുത്താ പൊന്മണിത്തിങ്കളെ
മാറോടു ചേർത്തോമനിച്ചീടുവാൻ മോഹം
അവളുടെ, നേർത്ത പുഞ്ചിരി തിളക്കങ്ങൾ
നിറയുമാ സവിധത്തിൽ അന്തിയുറങ്ങുവാൻ മോഹം
നീ കണ്ടുവോ സ്വപ്നാടനത്തിലെൻ രാജകുമാരിയെ
തേങ്കണമിറ്റു വീഴുമാ ചെഞ്ചുണ്ടുകളാലവളെൻ
കവിളിൽ മുത്തമിടുമ്പോലെ.., - നിദ്രേ..
കിനാവിലെന്നെ തഴുകിയുണർത്തി കടന്നു പോയതാര്
അമ്മിഞ്ഞ പാൽമണമൂറുമാ താമര തളിർ ചെല്ലം
പൂത്തൊരാ പുലരിയെ പുൽകുവോളം വരെ
നിദ്രേ…, വിടപറയാതിനിയും പോയ് മറയരുതു നീ.
ഞാനെൻ കണ്മണിയെ പുണരുവോളം വരെ
പാതി മയക്കത്തിൽ കൂമ്പിയ മിഴികളാലവളിന്നു
മെന്നിലെ അച്ചനെയുണർത്തിടുന്നേരം
ഏതൊരു ദേവനെ പൂജിച്ചിടും ഞാൻ
അവളുടെ പ്രശോഭിത നാളുകൾക്കായി
നിദ്രേ.., വിടപറയാതിനിയും പോയ് മറയരുതു നീ
ആകുല ചിത്തനാമീയച്ചന്റെ വേദന തുടരുവോളം വരെ
Subscribe to:
Post Comments (Atom)
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കൂ ...