Saturday, June 19, 2010

ഊർമിളയുടെ വിലാപം


നാഥാ.., കാനന കാഴ്ച്ചകൾക്കുമപ്പുറം
അങ്ങനുഗമിക്കുമാ സൌമ്യ മനസ്സിനു വന്ദനം

അങ്ങറിഞ്ഞുവോ ഭരതരാജ്യ വിലാപചരിതം
ജ്യേഷ്ഠനെയങ്ങനുഗമിച്ച നാൾ മുതൽ
രാമരാജ്യത്തിനായ് പൊയ്ക്കോലങ്ങൾ കെട്ടി
തിമിർത്താടുന്നു ഭരതരാജ്യ ജനത
തെരുവുനായ്ക്കളുമോരിയിടുന്നൊപ്പം
വെന്തുരുകിയ മനുഷ്യമാംസത്തിനായ്

മഹാനുഭാവൻ ത്യജിച്ചതല്ലയോ ഭവനം
അയോദ്ധ്യാ അന്തപുരമൊക്കെയും
ശാന്തിയെന്നുനിനച്ച് കല്ലും മുള്ളും കാനനമത്രയും
താണ്ടിയൊതുക്കീ മാനവഹൃത്തും
രഥയാത്രയല്ലിത് പദയാത്ര
രാമരാജ്യത്തിനായല്ല പിതൃസായൂജ്യത്തിന്

നാഥാ.., ജാനകീ സമാഗമത്തിനായ്
കാത്തിരുന്ന ജ്യേഷ്ഠ മനസ്സിന്റെ വ്യഥ
അങ്ങെന്തേ എന്നിലെ പ്രണയ പരവശതയിലറിഞ്ഞീല
രാവണ പുഷ്പക വിമാനത്തിലാ മേഘപാളികളിൽ
സീതാദേവി മറയുമ്പോൾ മുറിവേറ്റൊരാ മനസ്സുകളെന്തേ
അമ്മയുടെ മാർ പിളർന്നു മുലപ്പാലൂറ്റുമ്പോൾ മൂകമാകുന്നു

ഭരതനുമൊരുങ്ങുന്നുവോ രാമ പാദുക പൂജകളത്രയും
വൃഥാവെന്നു കരുതി പ്രജാധിപതിയാകുവാൻ
കൈകെയിയമ്മക്കു പേറെടുക്കുവാൻ വരുന്നു മന്ഥര
കൈവിരൽ പാടിനുപോലും കടം വച്ചവരീ രാജ്യത്തിനു വിലയിടുന്നു
സമുദ്രത്തിനപ്പുറം രാക്ഷസ സൈന്യം
സമനില തെറ്റിയ കാട്ടാളക്കൂട്ടം

കഴിഞ്ഞീലയോ കലിയുഗ കാനനവാസം
അഗ്നിശുദ്ധി വരുത്താനിതാ അമ്മയെ പരിരമിച്ചവർ
കാഞ്ചന സീതയ്ക്കായാണവരുടെ പ്രയാണമത്രയും
രാമബാണ മാറ്റൊലികൾ മുഴങ്ങട്ടെ
നടുങ്ങട്ടെ വിശ്വം, ഓടിയൊളിക്കട്ടെ നരഭോജകർ
കഴിഞ്ഞീലയോ നാഥാ അഞ്ജാത കാനനവാസം

1 comment:

  1. കഴിഞ്ഞീലയോ നാഥാ അഞ്ജാത കാനനവാസം.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കൂ ...