അലാവുദ്ദീനിന്നലെ ഭൂതം കയറി
ആരുമറിയതവനൊന്നലറി
അമ്മയെ കണ്ടു തിരിച്ചറിഞ്ഞില്ലവൻ
അയലത്തെവിടെയും തേടി നടന്നു
അലാവുദ്ദീനിന്നലെ ഭൂതം കയറി
നിധികൾ കൈകൾ നിറയെ നിറഞ്ഞു
അറബിക്കഥയിലെ അത്ഭുതം പോലെ
ആകാശത്തോളം പാറി നടന്നു
ഭൂതം പണികൾ പറഞ്ഞു തുടങ്ങി
അലാവുദ്ദീനതു ചെയ്തു തുടങ്ങി
തോക്കുകൾ തോൽക്കും ധൈര്യം കിട്ടി
വാക്കുകൾ കൊടുവാൾ മൂർച്ചയിലായി
കാണാകാഴ്ചകൾ തേടി നടന്നു
കാണാൻ കണ്ണുകൾ തുറന്നതുമില്ല
തീരം തേടിയലഞ്ഞവനൊടുവിൽ
കടലിൻ കയത്തിൽ മുങ്ങിത്താണു
ഭൂതം വിട്ടു മാറുന്നില്ല
ലോകം തച്ചു തകർക്കാൻ നീക്കം
വിളക്കു തുറന്നലാവുദ്ദീനവനുടെ
വെളിച്ചം തിരിച്ചു പിടിക്കാനായി
ഭൂതമലഞ്ഞു നടന്നൂ പിന്നെയും
കുഴികൾ കുഴിച്ചൂ ഇരകൾക്കായി
ഇതളുകളടർത്തി പൂക്കൾ കൊഴിച്ചും
വിഫലമലഞ്ഞു നടന്നൂ വീണ്ടും
സമത്വ സുന്ദര ഭാരത നാട്ടിൽ
സമനില തെറ്റിയോടി നടന്നു
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കൂ ...