Saturday, May 8, 2010

ഉണർത്തുപാട്ട്


ഇതൊരു കവിതയാണോ..? എനിക്കറിയില്ല…!! പക്ഷേ ഇത് പരാജിതന്റെ മനസ്സാണ്…!!
അവർ ആ ആയുധങ്ങൾ നമുക്കു നേരെ ഉയർത്തിക്കഴിഞ്ഞു
നാം മൂർച്ചകൂട്ടി ഏൽ‌പ്പിച്ച അതേ ആയുധങ്ങൾ..

നാം കാല്പനികതയുടെ വ്യർത്ഥതയിൽ മുഴുകുമ്പോൾ
അവർ നമുക്കായ് കെണികളൊരുക്കുകയായിരുന്നു

ചൊരിയുന്ന കണ്ണുനീരിനു നീയിന്നു കപ്പം കൊടുക്കുന്നു
വയ്ക്കുന്ന ചുവടുകൾ അവർ അളക്കുന്നു

ഇന്നു നീ വലിക്കുന്ന ശ്വാസം നിന്റേതല്ല
ഉറങ്ങാൻ നിനക്കിനി ആറടി മണ്ണുമില്ല

ഒരു പിടി ചാരമാകാൻ നീയിനി മടിക്കേണ്ടതില്ല
ജീവിതം വെന്തുരുകിയവന് അതുമൊരാശ്വാസം

നിന്റെ പരമ്പര അവരുടെ അമ്പൈത്തുശാലയിലെ ബിമ്പങ്ങളാണ്
നിലവിളിക്കാൻ അവർക്കിന്നു ശബ്ദമില്ലവകാശമില്ല

നിന്റെ കുഞ്ഞിനിനി അമ്മിഞ്ഞപ്പാലില്ല
അതും അവർക്കവകാശപ്പെട്ടതാണ്

പകരം അവർ വിഷബീജങ്ങൾ നിറച്ച ധവളചൂർണ്ണം
വർണ്ണപൊലിമയോടെ നിന്നെ ഏൽ‌പ്പിക്കും

മേൽക്കൂര നഷ്ടപ്പെട്ട നിന്റെ അഭയത്തിന്റെ കവാടം തുറന്നിറങ്ങൂ
ഇതാ നിനക്കു ചുറ്റും മുഖമില്ലാത്ത മനുഷ്യർ

കേൾക്കുന്ന രോദനങ്ങൾക്കിടയിൽ നീയാ ശംഖൊലി തിരിച്ചറിയൂ
അതു നിനക്കുള്ള എന്റെ ഉണർത്തുപാട്ടാണ്

പുറം കണ്ണിന്റെ മൌഢ്യത്തിലകക്കണ്ണുമങ്ങിയ
നിനക്കുള്ള എന്റെ ഉണർത്തുപാട്ട്

നിന്റെ ചുടു രക്തമിന്നു പങ്കിട്ടെടുക്കുവാൻ അവരാർത്തിപൂണ്ടിരിക്കേ
നിനക്കായ് ചൊരിയാൻ നീ കാത്തുവച്ചിരിക്കുന്നതേതു രക്തം

നമ്മുടേതെല്ലാം അവർ ഇന്നു കൈക്കലാക്കിയിരിക്കുന്നു
നിന്റെ തലമുറകൾക്കായ്…. ‘ഇതാ ഇതെന്റെ രക്തം’

‘ഇതു നിങ്ങൾ ഏറ്റുവാങ്ങി പങ്കു ചേരുവിൻ’
‘നിങ്ങൾക്കായ് ഞാൻ ഇതിവിടെ ചൊരിയുന്നു’

ഇരവിന്റെ കൂരിരിട്ടിലിരുന്നിന്നു ഞാൻ നിനക്കായി നീട്ടുന്നു
നാളെയുടെ പുലരിക്കുവേണ്ടിയീ ദീപനാളം

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കൂ ...