എന്റെ മക്കൾക്കു വേണ്ടി ......
ഞാനീ കാറ്റിനോടിന്നു പറയും,
നിന്റെ നെറുകയിലൊന്നുമ്മവയ്കാൻ..
അച്ചന്റെ ചുടു നിശ്വാസമേൽക്കുമ്പോൾ
നീ പുഞ്ചിരിക്കുന്നതെനിക്കു കാണാം..
ഞാനിന്നീ ഏകാന്തതയിൽ
നിന്നേ കുറിച്ചോർത്തിരിക്കുമ്പോൾ..
എനിക്കു കൂട്ടായ് ശബ്ദമുണരാത്ത-
നിന്നോമൽ പുഞ്ചിരി മാത്രം..
ഞാനീ മേഘങ്ങളോടിന്നു പറയും,
നിന്റെ കാവൽ മാലാഖമാർക്ക് കൂട്ടായിരിക്കാൻ..
നിദ്രയിലലിയുന്ന നിന്റെ പുഞ്ചിരി-
അവരുടെ ലാളനമാകാം..
ചുരുട്ടിപ്പിടിച്ചാ കുഞ്ഞിളം കൈക്കുള്ളിൽ
മാലാഖമാർ കൈകൾ കോർത്തതായിരിക്കാം..
അവർ നിനക്കായ് മീട്ടുന്ന കിന്നര തന്ത്രികൾ
അച്ചന്റെ ഹൃദയ താളത്തിലാണ്..
ഞാൻ നിനക്കായ് കുറിക്കുന്ന,
ഈ വരികൾക്കു ജീവനുണ്ടെങ്കിൽ
അവ നാളെ നിന്നോട് പറയും,
അച്ചന്റെ മനസ്സിലെ നൊമ്പരങ്ങൾ..
മണിത്തിങ്കൾ പൂങ്കിടവേ..
ഇനിയും കാണാത്ത നിൻ ഓമന പൂമുഖം,
ഒരു മഞ്ഞിതൾ പൂവായ് വിരിഞ്ഞെൻ,
മനസ്സിൻ വസന്തമാകും..