Tuesday, April 17, 2018

ആസിഫാ...



ആസിഫാ...
- അവർ ദയാലുക്കളാണ്...
പിഞ്ചുമടിത്തട്ടിൽ കാമദണ്ഡ് നിറയ്ക്കുന്നതിനു മുന്നേ

മനസ്സുനിറക്കാൻ അവർ നിനക്ക് മധുരം തന്നു
നെഞ്ചകം പിളരുന്ന വേദനയെ മയക്കം കൊണ്ട് മറക്കാൻ,
ഞെരുക്കത്തിലൊതുക്കാൻ വിഷം ചേർത്ത മരുന്നും.
നിനക്ക് കൂട്ടായ്  ദൈവത്തേയും അവർ
നിന്നോടൊപ്പം ശ്രീകോവിലിനുള്ളിൽ പൂട്ടിയിട്ടു.
നീയിപ്പോൾ സ്വതന്ത്രയാണ്, ദൈവം തടവിലും.
ആസിഫാ...
- നീ ഭാഗ്യവതിയാണ്...
ഉപ്പ നിന്നെ രാജകുമാരിയാക്കാൻ കിനാവു കണ്ടു
അവർ നിന്നെ മാലാഖയാക്കി
പറുദീസയിലങ്ങനെ ദൈവത്തിന്റെ വലതുഭാഗത്ത്...
പൂമ്പാറ്റയോടൊത്തഴകുള്ളൊരാ ശിരസ്സ് അവർ
ദേവപ്രീതിക്കുടച്ച നാളികേരമായിരുന്നു
കടുത്ത പീഢനത്തിലും നിനക്ക് കാവൽ നിയമപാലകനായിരുന്നു
കൂടെ അന്ധരായ, ബധിരരായ, വായ് മൂടപ്പെട്ട ദൈവങ്ങളും
ആസിഫാ...
- കുറ്റം നിന്റേതാണ്...
നീ ഇന്ത്യയിൽ ജനിച്ചു!
നിന്റെ ദൈവവും ഭാരതീയനല്ലല്ലോ!
ഏഴു ദിവസവും എന്തിനു നീ വെളിച്ചത്തിനായ് കാത്തിരുന്നു
ഇതൾ പൊഴിഞ്ഞ പൂക്കളിൽ ഒരാളായ്?
അതേ ആസിഫാ... കുറ്റം നിന്റേതു മാത്രമാണ്
ആസിഫാ...
- നീയിനിയും ഭയപ്പെടണം...
അവർ നിന്റെ നാമത്തിൽ ആവനാഴികൾ ഒരുക്കുകയാണ്
അടുത്ത യുദ്ധത്തിന്
നിന്നോടൊപ്പം ഭാരതത്തിന്റെ ആത്മാവും നഷ്ടപ്പെടുന്നു
ഇപ്പോൾ മരണശയ്യയിലാണ്
ആസിഫാ...
- അതും രഥയാത്രയായിരുന്നു...
                രാമജന്മഭൂമിയിൽ നിന്നും കാതങ്ങൾ താണ്ടി
`               നീയെന്ന പുണ്യഭൂമിയെ തച്ചെറിയാൻ
ആസിഫാ...
- നീ തനിച്ചല്ലാ...
                പക്ഷേ... അവരൊന്നും നിന്നേപ്പോൽ ഇത്രയേറെ ക്രൂരത....
ആസിഫാ...
അടരില്ലിറ്റശ്രുകണമെന്നിൽ നിന്നും
അടരാടുവാനെനിക്കിനിയും കരുത്തു വേണം
പക്ഷേ... ആസിഫാ...
നിന്നോളമെത്തിയ എന്റെ മകളെ, എന്റെ പ്രാണനെ
ഞാൻ എവിടെയൊളിപ്പിക്കും?
കഴുകൻ കണ്ണുള്ള ചെന്നായ്ക്കളിൽ നിന്നും?
അവളും ഇന്ത്യയുടെ മകളല്ലോ?
ഞാനും ഒരു രാജ്യദ്രോഹിയല്ലോ?