Thursday, November 8, 2012

നതാലിയോടൊത്ത് ഒരു രാത്രി



ക്വിഷം – ഇറാനിലെ ഒരു ദ്വീപ്. യു.എ.ഇ യിൽ ജോലി തേടിയെത്തുന്ന വിസിറ്റ് വിസക്കാരുടെ ഇടത്താവളം. പുതിയ വിസയിലേക്ക് മാറാൻ രാജ്യം വിടണമെന്ന നിയമം നിലനിന്നിരുന്ന യു.എ.ഇ യിൽ നിന്നും  സ്വന്തം രാജ്യത്തേക്ക് പോകാതെ വിസ കിട്ടുന്നതുവരെ കുറഞ്ഞ ചെലവിൽ താമസിക്കാൻ പറ്റുന്ന ദ്വീപ്. വൈരുദ്ധ്യങ്ങളുടെ ക്വിഷത്തിലേക്കും ഒപ്പം എന്റെ നതാലിയിലേക്കും സ്വാഗതം.

നതാലിയോടൊത്ത് ഒരു രാത്രി


                   ഒരു ഭക്ഷണമേശയുടെ എതിർവശത്തിരിക്കുമ്പോഴാണ് ആദ്യമായി ഞാൻ നതാലിയെ കാണുന്നതും പരിചയപ്പെടുന്നതും. എതിർവശത്തിരിക്കുവാൻ അവൾ അനുവാദം ചോദിച്ചപ്പോൾ ഏതോ അറബിവംശജയെന്നു മാത്രമാണ് ഞാൻ കരുതിയത്. കറുത്ത ബുർഖ ധരിച്ച ഒരു റഷ്യൻ പെൺകുട്ടി, ക്വിഷം എന്ന ഈ ഇറാനിയൻ ദ്വീപിൽ വച്ച് ഒറ്റ രാത്രി കൊണ്ട് എന്റെ മനസ്സിന്റെ ഭിത്തികളിൽ വർണ്ണചിത്രങ്ങൾ വരച്ചു കടന്നുപോകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.

നിറഞ്ഞപുഞ്ചിരിയുമായി കുലീനതയുള്ള പെൺകുട്ടി. ഈ ദ്വീപിൽ ഇതേവരെ കണ്ട മുഖങ്ങളിൽ നിന്നെല്ലാം വ്യത്യസ്തം. ഇവിടെ എല്ലവർക്കും ഒരേ മുഖമാണ്, ഒരേ ഭാവമാണ്. കാത്തിരിപ്പിന്റെ മുഖം. ഫാക്സിന്റെ രൂപത്തിൽ വിസ എത്തുന്നതിന്റെ, വിസ അയക്കാമെന്നേറ്റവരുടെ ഫോൺ വിളികളുടെ, മൌനത്തിന്റെ, മരവിച്ച മനസ്സിന്റെ മടുപ്പിന്റെ കാ‍ത്തിരിപ്പ്.

ഫോർക്കും സ്പൂണും ഉപയോഗിക്കാതെ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന എന്റെ രീതി അവൾക്ക് അരോചകമായി തോന്നി. അവൾ അതു മറച്ചുവെച്ചില്ല. സ്പൂൺ ഉപയോഗിക്കാത്തതെന്താണെന്ന് അവൾ എന്നോട് ചോദിച്ചു. ഇതു ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും എല്ലാ ഇന്ത്യാക്കാ‍രും കൈകൊണ്ടു ഭക്ഷണം കഴിക്കാൻ  ഇഷ്ടപ്പെടുന്നവരാണെന്നും ഞാൻ അവളെ മനസ്സിലാക്കാൻ ശ്രമിച്ചു. ഏതോ ഹിന്ദി ചിത്രത്തിൽ ഭക്ഷണം കഴിക്കുന്ന രംഗം അവൾ ഓർമ്മിച്ചു. ഇന്ത്യൻ ചലച്ചിത്രങ്ങളുടെ ആരാധികയായ അവൾ അമിതാഭ് ബച്ചനേയും ഷാരൂഖ് ഖാനെയും കുറിച്ച് വാചാലയായപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.

രാത്രി ഭക്ഷണത്തിനു ശേഷമുള്ള പതിവു പുകവലിയുമായി ഞാൻ ഹോട്ടലിനു മുൻപിലെ ചെറിയ പാർക്കിൽ ഇരിക്കുമ്പോൾ നതാലി ഒരിക്കൽ കൂടി എന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. അവൾ സിഗരറ്റിനായി കൈ നീട്ടി. അല്പം സംശയത്തോടെ ഞാൻ സിഗരറ്റ് പാക്കറ്റ് അവൾക്കു നേരെ നീട്ടി. പുഞ്ചിരിച്ച് എനിക്കഭിമുഖമായിരുന്ന് അവൾ കവിൾ നിറയെ പുകയെടുത്തു.  

                   “ഇവിടെ എന്താ ജോലി..?“

സംഭാക്ഷണത്തിന് തുടക്കമിട്ടത് ഞാനായിരുന്നു.

                   “കോൾ ഗേൾ“
ഭാവഭേദങ്ങളൊന്നുമില്ലാതെ അവൾ പറഞ്ഞു. അവളുടെ ശബ്ദത്തിൽ പതർച്ചയോ അപകർഷതയോ ഒന്നും തന്നെ അനുഭവപ്പെട്ടില്ല. പക്ഷേ ഞാൻ ഒന്നു ചൂളി. വിശ്രമില്ല്ലാത്ത രാവുകളിൽ തന്നെ തേടിയെത്തുന്ന പലരുടേയും ശരീരത്തിനു ചൂടു പകരുന്ന 19 തികയാത്ത ഒരു പെൺകുട്ടിയാണ് എന്നോടൊപ്പം ഇരിക്കുന്നതെന്ന സത്യം എനിക്കുൾക്കൊള്ളാൻ കഴിഞ്ഞില്ല. അവളുടെ മുഖത്തെ നൈർമല്ല്യത്തിന് ആസക്തിപൂണ്ട രതി ഭാവമോ ശരീരത്തിന് കാമമുണർത്തുന്ന മാദകത്വമോ അല്പം പോലും തോന്നിച്ചിരുന്നില്ല. അനുഭവങ്ങളുടെ വിളർച്ച ആ കണ്ണുകളിലെവിടെയോ വിഷാദത്തോടൊപ്പം അല്പനേരം നിറം മങ്ങി നിന്നു.

          നതാലിയിലേക്ക് അല്പം കൂടി അടുക്കുവാൻ താല്പര്യം തോന്നി. ഞങ്ങളുടെ സംഭാക്ഷണത്തിലേക്ക് റഷ്യ കയറിവന്നു. വർഷങ്ങൾക്കു മുൻപ് സോവിയറ്റ് യൂണിയനായിരുന്ന നമ്മുടെ സ്വപ്നലോകം. സൌജന്യമായി ലഭിച്ചിരുന്ന സോവിയറ്റ് യൂണിയൻ മാസികകൾ. അമേരിക്കൻ ഡോളറിനേക്കാൾ പല മടങ്ങ് മൂല്യമുണ്ടായിരുന്ന റഷ്യൻ റൂബിൾ, സ്വാർത്ഥതയുടെ വിജയമായിമാറിയ കമ്മ്യൂണിസത്തിന്റെ തകർച്ച, കൂടെ സോവിയറ്റ് യൂണിയന്റേയും. പട്ടിണിയിലായ ജനങ്ങൾ, ഇന്നും അതേ അവസ്ഥയിൽ തന്നെ. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ നതാലിയേപോലുള്ള പെൺകുട്ടികൾ വിദേശങ്ങളിൽ ശരീരം വിൽക്കുന്നു.

          സോവിയറ്റ് യൂണിയൻ തകരുമ്പോൾ നതാലി ജനിച്ചിരുന്നില്ല. കമ്മ്യൂണിസത്തെ കുറിച്ച് ഞാൻ അവളോട് ചോദിച്ചു. അതെന്തെന്നു പോലും അവൾക്ക് അറിയുമായിരുന്നില്ല. പക്ഷേ അവൾ ഒന്നു പറഞ്ഞു ‘പഴമക്കാരിൽ പലരും ഇപ്പോൾ കമ്മ്യൂണിസം തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവരാണ്‘.

          കുടുംബച്ചിലവ് കണ്ടെത്താൻ സഹോദരിമാരുടെയും പെണ്മക്കളുടേയും ശരീരഭാഗങ്ങൾ വർണ്ണിച്ച് തെരുവുകളിൽ ഇടപാടുകാരെ ആകർഷിക്കുന്ന സഹോദരന്മാരും അച്ഛന്മാരുമുള്ള റഷ്യയുടെ ഇന്നത്തെ ജീർണ്ണിച്ച അവസ്ഥ ഒരു യത്രാകുറിപ്പിൽ വായിച്ച കഥ ഞാൻ അവളോട് പറഞ്ഞു. അതേവരെ തിളങ്ങി നിന്ന കണ്ണുകളിൽ രണ്ടു നീർത്തുള്ളികൾ തുളുംബി. കുടുംബ ബന്ധങ്ങളുടെ പരിശുദ്ധിയും പരിപാവനതയും അവളുടെ സമൂഹത്തിൽ പണ്ടേ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. എന്റെ മനസ്സിടിഞ്ഞു. സമാനമാ‍യ സാമൂഹിക സാഹജര്യങ്ങളുള്ള ഗുജറാത്തിലെ വാഢിയ എന്ന ഗ്രാമത്തെകുറിച്ച് ഞാൻ അവളോട് പറഞ്ഞു. എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ്. സ്വപനം പോലെ പൊഴിഞ്ഞു തീരേണ്ട ഇന്നലെകൾ. നാളെകൾക്കായി കാത്തിരിക്കാം ഇന്നലെയുടെ വേഷങ്ങളഴിച്ചുവെച്ച്.

          ഇടയ്ക്കെപ്പെഴോ കയറിവന്ന നുറുങ്ങു തമാശകളിലൂടെ അവൾ വീണ്ടും എന്നിലേക്ക് സജീവമായി. നിലാവിൽ തെളിച്ചുവെച്ച നക്ഷത്രക്കണ്ണുകൾ ആ രാവിൽ എന്നോട് ഏറെ കഥകൾ പറഞ്ഞു. ഹോട്ടലിലെ റൂം ബോയ് വന്നു വിളിച്ചപ്പോഴാണ് ഞങ്ങളുടെ വാക്കുകൾ മുറിഞ്ഞത്. അവൻ എന്നെ അവഞ്ജയോടെ നോക്കി. നതാലി യാത്ര പറഞ്ഞു. ഇനിയും കാണമെന്ന വാക്കുകളോടെ. വിസ മാറ്റത്തിനു വന്നതാണെങ്കിലും ഇവിടെയും അവളുടെ ശരീരത്തിന് ആവശ്യക്കാരുണ്ട്. ഹോട്ടലിലുള്ള ഏതോ അപരിചിതൻ അവളുടെ ശരീരത്തിന്റെ മൃദുലതയ്ക്കും ചൂടിനും വേണ്ടി കാത്തിരിക്കുന്നു.

മനസ്സിൽ നതാലി നിറഞ്ഞു നിന്നപ്പോൾ ഉറക്കം അടുത്തെത്താൽ അറച്ചു നിന്നു. പുലർക്കാലെത്തെപ്പോഴോ ഉറക്കത്തിലേക്കു വീണ ഞാൻ എഴുന്നേൽക്കുമ്പോൾ വളരെ താമസിച്ചിരുന്നു. ചുറ്റുവട്ടെത്തെല്ലാം നതാലിയെ പരതിയെങ്കിലും കണ്ടെത്തനായില്ല. അവൾക്ക് രാവിലെ തന്നെ വിസ വന്നിരുന്നു. രാവിലത്തെ ഫ്ലൈറ്റിനു തന്നെ അവൽ ദുബായ്ലേക്കു തിരിച്ചു എന്ന് പാതി മലയാളിയും പാതി ഇറാനിയുമായ റിസപ്ഷനിസ്റ്റിൽ നിന്നും അറിയാൻ കഴിഞ്ഞു. ഇനി ഒരിക്കലും കണ്ടുമുട്ടില്ലെന്നറിയാവുന്ന കണ്ടാലും തിരിച്ചറിയാൻ കഴിയില്ലെന്നറിയുന്ന അവളെ ഓർത്ത് മനസ്സെന്തിനോ വേദനിച്ചു.

ശൂന്യമായ മനസ്സിലെ നൊമ്പരങ്ങൾ പൂത്തൊരു പുലരിയിലേക്ക് ഒരു പുഞ്ചിരിയായി ഒരിക്കൽകൂടി അവൾ നടന്നടുക്കുന്നതും കാത്ത്, കാത്തിരിപ്പിന്റെ മുഖമുള്ളവരുടെ കൂട്ടത്തിൽ ചാരുബെഞ്ചിന്റെ പരുപരുപ്പിലേക്ക് വീണ്ടും ഞാൻ ചാഞ്ഞു.

          പ്രിയ നതാലി., ആരായിരുന്നു നീ എനിക്ക്? സഹോദരി? സുഹൃത്ത്? പ്രണയിനി? ഇതെല്ലാമായിരുന്നോ..!!!? പക്ഷേ ഒന്നുണ്ട്, വിഷാദത്തിന്റെ നിറം വീണ നിന്റെ കണ്ണുകളിലെ സ്നേഹം, മനസ്സിൽ കുളിർപെയ്യിച്ച നിന്റെ ചുണ്ടുകളിലെ പുഞ്ചിരി, അതെല്ലാം എന്നും എനിക്കു സ്വന്തം.