Saturday, December 18, 2010

വരൂ.. നമുക്ക് പോകാം..

പോകാം നമുക്കിനിയുമാ കേരളത്തിലേക്ക്…
ഇലഞ്ഞിപ്പൂ ഗന്ധമേറ്റുണരുമൊരു സുപ്രഭാതത്തിനായ്…
പച്ചപ്പായലുകൾ പായവിരിച്ചൊരു കൽഭിത്തികളിലൊന്നിൽ
എന്റെയും നിന്റെയും നാമങ്ങൾ കോറി കൂകി ആർത്തീടുവാൻ

ചന്നം പിന്നം പെയ്യുന്ന തുലാവർഷക്കാറുകളിൽ
ഓലക്കുടയുമേന്തി നഗ്നപാദരായ് വയലേലകളിലലഞ്ഞീടാം
കരകര കരയുന്ന പച്ചത്തവളകളിലൊന്നിനെ
കാൽ കൊണ്ടു തട്ടിത്തെറിപ്പിച്ചീടേണമിനിയും

പുതുമഴ നനഞ്ഞൊരാ നറുമണ്ണിൻ ഗന്ധമാസ്വദിക്കേണം
തോടിൻ വരമ്പത്തിരുന്നാ ചെറുപരലുകളെ കോരിയെടുക്കേണം
ഇറ്റിറ്റു വീഴുന്ന ജലകണങ്ങളിലകപ്പെടാതെ
കൂട്ടം കൂട്ടമായ് കടലാസു വഞ്ചികളിറക്കേണം

പഴമയുടെ ചരിത്രമുറങ്ങുമാ രാജ വീഥികളിലൊന്നിൽ
കൽക്കണ്ട തിരുമധുരമുണർത്തുമാലിപ്പഴമുതിർന്നു വീഴുമ്പോൾ
ആഹാ..! പെറുക്കിയെടുത്തതിൻ കുളിർമ്മ നുകരുവാൻ
വരൂ.., നമുക്കാ പഴയ കേരളത്തിലേക്കൊന്നു തിരിച്ചു പോകാം

കുഞ്ഞാലിക്കാക്കയുടെ കാളവണ്ടിതൻ മണിനാദം മുഴങ്ങുമ്പോൾ
പതുങ്ങിനിന്നറിയാതെ പിന്നിലൂടൊന്നു കയറിപ്പറ്റേണം
വറ്റാത്തൊരാ പുഴകളും കുളങ്ങളും സ്വന്തമാക്കി-
മത്സരിച്ചീടാം നമുക്കേറെ ഉയരത്തിൽ നിന്നെടുത്തു ചാടീടുവാൻ

അമ്പലമുറ്റത്തരയാൽ ചുവട്ടിലൊരിക്കൽകൂടി വേണമാ വെടിവട്ടം
എംറ്റിയും മുകുന്ദനും ബഷീറും ഖസാക്കുമൊക്കെയും
വിരുന്നെത്തുമാ സായാഹ്നം ഉള്ളൂതുറന്നാസ്വദിച്ചീടാം
റേഷൻ കടകൾക്കു മുന്നിലെ കീറിയ വരിസഞ്ചികളിലേക്ക്-
നോക്കി സഹതപിച്ചീടാം, അയ്യോ..! ഇതെന്റെ കേരളം!


തുമ്പയും മുക്കുറ്റിയുമിറുത്താ മുറ്റത്തു വേണമിനിയുമൊരു പൂക്കളം,
ചിങ്ങക്കൊയ്ത്തിൻ പുന്നെല്ലരിയിൽ നിറസദ്യ,
വള്ളം കളിയും പുലികളിയും ആസ്വദിച്ചൊന്നു പാടാം
‘ഓണത്തപ്പാ കുടവയറാ.. ഇന്നും നാളേം തിരുവോണം’

നാട്ടുമാവിൻ ചുവട്ടിലായ് കാത്തിരിക്കാം വരുണദേവ കടാക്ഷത്തിനായ്-
എത്താത്ത തുഞ്ചത്തെ മാമ്പഴ കൊതി തീർക്കാൻ,
ഓടിച്ചെന്നു പെറുക്കിയെടുത്തതിൻ ഗന്ധമാസ്വദിക്കാൻ
ഒഴുകുന്നൊരു തുള്ളി പഴച്ചാറൊരുവട്ടം കൂടി ചുണ്ടോടൊപ്പി രുചിക്കാൻ
സ്നേഹപുരസ്സരം വിളിക്കാം സുഹൃത്തിനെ ‘ഈ അണ്ടിക്കു കൂട്ടുപോകാൻ’

മൂവന്തി നേരത്തു നാമജപം, തുളസിത്തറയിലേക്കൊരു ദീപനാളം
പഴങ്കഥകൾ തൻ മാറാപ്പഴിച്ച മുത്തശ്ശിതൻ മടിയിലൊന്നു മയങ്ങേണം
ഗൃഹപാഠങ്ങൾ ചെയ്യേണം ശിവരാമൻ മാഷിന്റെ-
പുളയുന്ന ചൂരൽ തുമ്പിലെ നൊമ്പരമോർത്തെങ്കിലും
പീച്ചാങ്കുഴലും കൊട്ടങ്ങത്തോക്കുമേന്തിടേണം കൂട്ടരൊത്തു മത്സരിച്ചീടുവാൻ
ഇലപ്പച്ചയും കരുതിടാം കരിസ്ലേറ്റ് മായ്ക്കുവാൻ

വേനലവധിയൊന്നടുക്കുകിൽ ഉത്സവകാലം
പറങ്കിമാങ്ങയും ആഞ്ഞിലിചക്കയും കീരിപ്പഴവുമിറുത്ത്
പൂവലിപ്പശുവിനെ മേയ്ച്ചിടാം കുന്നിൻ ചെരുവിൽ
ഗോലിയും കുട്ടിയുംകോലും നാടൻ പന്തുമായ് നേരം പോക്ക്

മനയ്കലിന്നല്ലോ ഭൂതപ്പാട്ട്, മേലേക്കാവിൽ സർപ്പം തുള്ളൽ
തെയ്യം തിറകെട്ടിയാടി വരുന്നു ആറ്റിൻ കടവിൽ
അമ്പലക്കുളത്തിൽ നീരാട്ട്, വെളിച്ചപ്പാടിന്നുറഞ്ഞു തുള്ളൽ
മനമറിഞ്ഞാ ദേവിയെയൊന്നു തൊഴുതിടേണമിനിയും

മലകളും പുഴകളും മരങ്ങളും കാത്തിരിക്കുന്നിനിയും മരിക്കാതെ നിനക്കായ്
വരൂ…, നമുക്കാ പഴയ കേരളത്തിലേക്കൊന്നു തിരിച്ചു പോകാം.

Thursday, December 2, 2010

രുധിര താളം

പരാജിതന്റെ ആവേശം..

കാറ്റ് വീശുന്നു..
കാറ്റാഞ്ഞു വീശുന്നു…
രുധിരത്തിന്റെ ഗന്ധമുള്ള കാറ്റ്..
വാമഭാഗത്തുനിന്നാകാറ്റാഞ്ഞു വീശുന്നു…
നിന്റെ ദന്തഗോപുരങ്ങൾ ഇന്നു തകർക്കപ്പെടും..
മണൽ കൂമ്പാരം പോലെ അതു കുന്നു കൂടും..
നിന്റെ ഹൃദയത്തിന്റെ കാഠിന്യം അവയ്ക്കുണ്ടായിരിക്കയില്ല..
അധർമ്മത്തിലാടുന്ന നീതിയുടെ കറുപ്പു നിറം..
ആ കാറ്റിൽ പറന്നപ്രത്യക്ഷമാകും..
അന്ധമാക്കപ്പെട്ട നീതിയുടെ തുലാസ്..
ആ കാറ്റിലാടിയുലയും..
കാക്കിയുടെ പടക്കുതിപ്പുകൾക്കതിന്റെ
ഗതി തിരിക്കാനാവില്ല, കാവിയുടെ മന്ത്രങ്ങൾക്കും..
കടപുഴകുന്ന വന്മരങ്ങൾക്കു കാവലാകാനവർക്കു വിധി..
വെള്ളപൂശിയ ശവക്കല്ലറകളവർ..
അവർ ജനപാലകർ, തകർന്നു മണ്ണടിയും..
കാവിയും പച്ചയും വെള്ളയും പങ്കിടുന്ന
മനസ്സുകളിലേക്ക് വെളിച്ചമായ് ആ കാറ്റാഴ്ന്നിറങ്ങും..
അടിമത്വത്തിന്റെ ചങ്ങലകൾ അതു തകർത്തെറിയും..
യുവത്വത്തിന്റെ തീജ്ജ്വാലകൾ അത് ആളിക്കത്തിക്കും..
കാറ്റ് വീശുന്നു, കാറ്റാഞ്ഞു വീശുന്നു…
മാറ്റത്തിന്റെ കാറ്റാഞ്ഞു വീശുന്നു…