Tuesday, November 9, 2010

ഗർഭപാത്രങ്ങൾ വാടകയ്ക്ക്

വന്ധ്യതയ്ക്കൊരു പരിഹാരമായി വാടക ഗർഭപാത്രങ്ങൾ തേടുന്ന സ്ത്രീകളെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തിരക്കു പിടിച്ച ജീവിത പ്രയാണത്തിൽ ഗർഭം ധരിക്കാനും പ്രസവിക്കാനും തയ്യാറാകാതെ വാടക ഗർഭപാത്രങ്ങൾ തേടി ഇൻഡ്യയിലെത്തുന്ന വിദേശി സ്ത്രീകളുണ്ടെന്ന യാഥർത്യം ഞെട്ടിക്കുന്നതായിരുന്നു. ഇവിടെ യഥാർത്ത മാതൃത്വം ആർക്കാണ്..? പ്രസവിക്കുന്നവർക്കോ അതോ അണ്ഠം കൈമാറ്റം ചെയ്യുന്നവർക്കോ..?

ഒട്ടിയ വയറുകളുടെ വേദനയ്ക്കു ചുറ്റിലും
മരണം നയിക്കുന്ന തെരുവീഥികൾക്കരികിലും
കുഞ്ഞേ.. എനിക്കൊരു ഭവനമില്ല
എന്റെ മക്കൾക്കുറങ്ങാൻ മേൽക്കൂരയില്ല
എങ്കിലും നിനക്കീയമ്മ അഭയം തരാം
ഗർഭം ചുമക്കാൻ അമ്മക്കു മടിയില്ല
ശ്രീകൃഷ്ണ ഭഗവാനു ദേവകിയെന്നപോൽ
നീ ജനിക്കുവോളം മാത്രം ഞാൻ നിനക്കമ്മ
പേറ്റുനോവൂറുമ്പോൾ നിൻ മുഖമൊന്നു കാണാൻ
കുഞ്ഞേ നിനക്കായ് ഞാ‍ൻ കാത്തിരിക്കാം

നാളെനീ വളരുമീ ലോകത്തു നിനക്കീയമ്മ-
യില്ലന്യയെന്നു ഞാൻ തിരിച്ചറിവൂ..
അറിയാത്ത ദൂരത്തു നീ ഇങ്കിനായ് കേഴുമ്പോൾ
താനെ ചുരത്തുന്ന മുലപ്പാലിനൊപ്പം ഞാൻ-
എൻ കണ്ണുനീർചാലുകളൊപ്പിയടർത്തി മാറ്റാം
അണ്ഠവും ബീജവും സങ്കലിപ്പിച്ചൊരാ ശാസ്ത്രത്തിനാകുമോ
പൊക്കിൾകൊടിയിലൂടീ പെറ്റ വയറിന്റെ ബന്ധമറുത്തു മാറ്റാൻ
രാസബന്ധത്തിനില്ലുൾക്കാമ്പുകൾ കുഞ്ഞേ,
മാതൃബന്ധം തന്നെ നിബിഢം നിരന്തരം
കേൾക്കുവാനാകുമോ ദൂരത്തു നിന്നു
നിനക്കീയമ്മതൻ താരാട്ടിന്നീരടികൾ
കോകില മുകുളമെന്നറിഞ്ഞീടിലും നിന്നെ
കൊത്തിപ്പിരിച്ചീടുവാനാവതില്ലീ അമ്മയ്ക്ക്

കുഞ്ഞേ വളരുക, അമ്മതൻ ഉൾച്ചൂടിൻ
സുഖസുഷുപ്തിയിലാണ്ടു നീ വളരുക,
ഇരുൾമൂടിയ ഈ ലോകത്തിൻ വെളിച്ചത്തിലേക്ക്
കരഞ്ഞുകൊണ്ടു നീ കൺതുറക്കും നാൾ വരേക്കും
നിൻ ഭയപ്പാടുകളകറ്റി നിനക്കീയമ്മ അഭയം തരാം
കുഞ്ഞേ വളരുക, നിൻ ഉൾത്തുടിപ്പുകൾ പേറിയീയമ്മ
കാത്തിരിക്കാം നിന്നെ വേർപിരിക്കുമാ പേറ്റുനോവിനായ്.

Visit: http://thestar.com.my/lifestyle/story.asp?file=/2010/1/2/lifefocus/5377793&sec=lifefocus